മുണ്ടക്കയം കോസ്‌വേയിൽ മഴക്കാലത്തെ കോൺക്രീറ്റിങ് പാഴ്‌വേലയെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി
മുണ്ടക്കയം ∙ കേസ്‌വേ അറ്റകുറ്റ പണികൾക്കായി മഴക്കാലം തിരഞ്ഞെടുത്തത് പദ്ധതി പാഴാകാൻ ഇട നൽകുമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. കാലവർഷം ശക്തമായ സമയത്ത് ഒരുമാസം പാലം അടച്ച് നിർമാണം നടത്താനായിരുന്നു നീക്കം. ആദ്യ ദിനത്തിൽ പാലം അടച്ച് ടാറിങ് ഇളക്കി മാറ്റിയിരുന്നു. എന്നാൽ മഴ ശക്തമായതോടെ ഈ ജോലികൾ നിർത്തി അന്ന് തന്നെ പാലം തുറന്നു നൽകി. മഴ സമയത്ത് നിർമാണം നടത്തിയാൽ കോൺക്രീറ്റിങ് വേഗത്തിൽ തകരാൻ കാരണമാകുമെന്നും. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്ന് പാലത്തിൽ വെള്ളം കയറിയാൽ നിർമാണ ജോലികൾ പാഴായി പോകുമെന്നും യോഗം കുറ്റപ്പെടുത്തി. കഴിഞ്ഞ പ്രളയങ്ങളിലായി കോസ്‌വേയുടെ തൂണുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ഇത് ബലപ്പെടുത്താതെ കോൺക്രീറ്റ് ചെയ്താൽ പാലത്തിന്റെ തകർച്ചയ്ക്ക് തന്നെ കാരണമാകുമെന്നും.
വികസന പ്രവർത്തനങ്ങ്‍ക്ക് എതിര് നിൽക്കുന്നതല്ല വികസനം നല്ല രീതിയിൽ നടപ്പാക്കാനുള്ള നിർദേശമാണ് കോൺഗ്രസ് മുൻപോട്ടു വയ്ക്കുന്നതെന്നും മഴ കഴിഞ്ഞ ശേഷം നിർമാണ ജോലികൾ മാറ്റണമെന്നും യോഗം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.എസ്.രാജു അധ്യക്ഷത വഹിച്ചു.