അനിശ്ചിതകാല പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കാഞ്ഞിരപ്പള്ളി രൂപത
പുഞ്ചവയൽ: കൈവശഭൂമിക്ക് പട്ടയം നൽകുന്നതിനുള്ള സർക്കാർ ഉത്തരവ് ഉദ്യോഗസ്ഥർ ഉടൻ നടപ്പാക്കുക എന്ന ആവശ്യമുന്നയിച്ച് ഐക്യ മലഅരയ മഹാസഭയും പട്ടയാവകാശ പ്രക്ഷോഭ സമിതിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലും. ഏറ്റവും അവസാനത്തെ കർഷകനു വരെ പട്ടയം ഉറപ്പാക്കിയതിനുശേഷമേ സമരം അവസാനിപ്പിക്കാവൂ എന്നും ഇതിന് കാഞ്ഞിരപ്പള്ളി രൂപതയുടെ പിന്തുണ അറിയിക്കുന്നതായും മാർ ജോസ് പുളിക്കൽ പറഞ്ഞു.
സമരസമിതി ചെയർമാൻ പി.ഡി. ജോൺ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഡോ. കുര്യൻ താമരശേരി, ഐക്യ മലഅരയ മഹാസഭ മീഡിയ കൺവീനർ പ്രഫ. വി.ജി. ഹരീഷ് കുമാർ, സെന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ. മാത്യു പുത്തൻപറമ്പിൽ, പുഞ്ചവയൽ എസ്എൻഡിപി യോഗം പ്രസിഡന്റ് വിജയൻ, പ്രത്യക്ഷരക്ഷാ ദൈവ സഭ പ്രതിനിധി ഡി. രാജൻ, കുളമാക്കൽ മുസ്ലിം ജമാ അത്ത് പ്രസിഡന്റ് ബഷീർ ചരളശേരി, പത്മാക്ഷി വിശ്വംഭരൻ, കെ.എൻ. പത്മനാഭൻ തുടങ്ങിയവർ പ്രസംഗിച്ചു. ദിവാകരൻ അറക്കുളം, സോജൻ, സോണി എന്നീ കർഷകർ രണ്ടാം ദിവസത്തെ നിരാഹാര സമരം നയിച്ചു.
നിരാഹാരം കിടക്കുന്ന കർഷകരെ ഫെബ്രുവരി ഒന്നിന് ആംബുലൻസിൽ താലൂക്ക് ആസ്ഥാനത്തേക്ക് മാറ്റും. പതിനായിരത്തോളം കർഷകർ പുഞ്ചവയലിൽ നിന്നു കാൽനടയായി ആംബുലൻസിനൊപ്പം കാഞ്ഞിരപ്പള്ളിയിലെത്തിച്ചേർന്ന് അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കും.
പുഞ്ചവയലിലെ സ്ഥിരം സമരപ്പന്തലിൽ സമരപരിപാടികളിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി, എസ്എൻഡിപി യോഗം പുഞ്ചവയൽ, കെനോണിയ ചാരിറ്റബിൾ സൊസൈറ്റി, പിആർഡിഎസ് പുലിക്കുന്ന് മേഖല, കുളമാക്കൽ മുസ്ലിം ജമാ അത്ത്, ഗോൾഡൻ വാലി റസിഡന്റസ് അസോസിയേഷൻ, അഖില കേരള വിശ്വകർമ മഹാസഭ തുടങ്ങിയ നിരവധി സംഘടനകൾ എത്തിച്ചേർന്നിരുന്നു.
25ന് പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നിന്ന് വികാരി ഫാ. മാത്യു പുത്തൻപറന്പിലിന്റെ നേതൃത്വത്തിൽ ഇടവകജനങ്ങൾ റാലിയായി അനിശ്ചിതകാല നിരാഹാര സമരപ്പന്തലിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാ പിക്കും.
കഴിഞ്ഞ വർഷം ജൂൺ രണ്ടിന് മുഴുവൻ കർഷകരുടെയും കൈവശഭൂമിക്ക് പട്ടയം നൽകുന്നതിനായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത ഉത്തരവനുസരിച്ച് ഇടുക്കി ജില്ലയിലെ വിവിധ താലൂക്കുകളിൽ പട്ടയവിതരണം പൂർത്തിയാകുകയും ചെയ്തു. എന്നാൽ, കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇതുവരെയായിട്ടും നടപടികൾ ആരംഭിച്ചിട്ടില്ല.