പൊടിയന്റെ പട്ടിണിമരണം: മകൻ റിമാൻഡിൽ മുണ്ടക്കയം വണ്ടൻപതാൽ അസംബനി വാർഡിൽ തൊടിയിൽ പൊടിയൻ (80) പട്ടിണികിടന്നു മരിച്ച സംഭവത്തിൽ അറസ്റ്റിലായ മകൻ റെജികുമാറിനെ കോടതി റിമാൻഡ് ചെയ്തു. മാതാപിതാക്കളെ സംരക്ഷിക്കുന്നതിലും മരണാവസ്ഥയിലെത്തിയിട്ടും ചികിത്സ നിഷേധിച്ചതിലുമാണു കഴിഞ്ഞദിവസം മുണ്ടക്കയം സിഐ ബി. ഷിബു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മകൻ ഭക്ഷണവും വെള്ളവും നിഷേധിച്ചതിനാൽ മരണം സംഭവിച്ച പൊടിയൻ അവസാനത്തെ രണ്ടു ദിവസങ്ങളിൽ മുഴുപ്പട്ടിണിയിലായിരുന്നുവെന്ന് അയൽക്കാർ മൊഴി നൽകി. മദ്യലഹരിയിലായിരുന്ന റെജികുമാർ ജോലിക്ക് വീട്ടിൽനിന്നു പുറത്തുപോകാതിരുന്നതിനാൽ അയൽവാസികൾക്ക് വെള്ളം എത്തിച്ചുകൊടുക്കാൻപോലും സാധിച്ചില്ല. പൊടിയന്റെ ഭാര്യ അമ്മിണിയുടെ പേരിലാണു മൂന്നു സെന്റ് സ്ഥലവും വീടും. പൊടിയന്റെ സർക്കാർ ക്ഷേമപെൻഷൻ ബാങ്കിൽനിന്നു കഴിഞ്ഞ ഒന്നര വർഷമായി വാങ്ങിയിരുന്നത് മകൻ റെജിയാണ്. ഈ തുകയ്ക്കും മദ്യം വാങ്ങുകയായിരുന്നു പതിവ്. ഒൻപതു മാസമായി ഒരേ മുറിയിൽ കിടപ്പിലായിരുന്ന അച്ഛനെയും അമ്മയെയും മകൻ ഒരിക്കൽപോലും ആശുപത്രിയിൽ കൊണ്ടുപോകുകയോ മരുന്നു വാങ്ങിക്കൊടുക്കുകയോ ചെയ്തിരുന്നില്ല. വെള്ളിയാഴ്ച സബ് കളക്ടറും ആരോഗ്യപ്രവർത്തകരും വീട്ടിൽ എത്തുന്നതിനു മുൻപേ അമ്മയെയും അച്ഛനെയും നടതള്ളിയ മുറി റെജിയും ഭാര്യ ജാൻസിയും ചേർന്നു വൃത്തിയാക്കി. വിസർജ്യദുർഗന്ധം വമിക്കുന്ന കട്ടിലും പൊട്ടിച്ചളുങ്ങിയ പാത്രങ്ങളും കീറിപ്പറിഞ്ഞ പഴന്തുണികളും വീടിനു പിന്നിലേക്കു മാറ്റുകയും ഇവരുടെ കട്ടിലിൽ കെട്ടിയിട്ടിരുന്ന നായയെ മുറ്റത്ത് അഴിച്ചു കെട്ടുകയും ചെയ്തു. പൊടിയനും അമ്മിണിയും മാസങ്ങളായി കീറിത്തുന്നിയ ഒരേ വസ്ത്രമാണ് ധരിച്ചിരുന്നത്. വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ ജാൻസി ഭർത്താവിനെ ഉപേക്ഷിച്ച് റെജിക്കൊപ്പം താമസിക്കുകയാണ്. ഇവരുടെ കുട്ടികൾ ഏന്തയാറ്റിൽ ബന്ധുവീടുകളിൽ കഴിയുന്നതായി പഞ്ചായത്ത് അധികൃതർ വെളിപ്പെടുത്തി.നവജീവൻ സംരക്ഷിക്കുംകോട്ടയം: അമ്മിണിക്ക് വേണ്ട ചികിത്സാ സഹായം ഉറപ്പാക്കിയതായി നവജീവൻ ട്രസ്റ്റി പി.യു. തോമസ് പറഞ്ഞു. അടുത്ത ബന്ധു അമ്മിണിയെ സംരക്ഷിക്കാൻ തയാറാണെന്നു പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ അമ്മിണിയെ നവജീവൻ ഏറ്റെടുക്കും. ഇവർ ബന്ധുവിനൊപ്പം പോകുന്ന സാഹചര്യത്തിൽ തുടർ ചികിത്സയ്ക്കും ഭക്ഷണത്തിനുമുള്ള സഹായം നവജീവൻ നൽകുമെന്നും പി.യു. തോമസ് വ്യക്തമാക്കി. ഈരാറ്റുപേട്ട കരുണ പാലിയേറ്റീവ് കെയർ സെന്ററും ഇവരുടെ സംരക്ഷണത്തിന് രംഗത്തെത്തി.