ആർക്കുവേണ്ടി ഈ പകൽവീടുകൾ …?
വയോധികർക്ക് സുരക്ഷിതമായി പാർക്കാൻ പണിത പകൽവീടുകൾ പണിതവർക്കു മാത്രം നേട്ടമായി.
തനിച്ചുകഴിയുന്ന വയോധികരുടെ സുരക്ഷയ്ക്ക് തദ്ദേശ സ്ഥാപനങ്ങൾ പണിത 20 പകൽ വീടുകളിൽ ഒന്നും തന്നെ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. രണ്ടു കോടി രൂപ വരെ ചെലവിൽ പണിത ബഹുനില മന്ദിരങ്ങളാണ് വിണ്ടുകീറിയും പായൽപിടിച്ചും അനാഥക്കെട്ടിടങ്ങളായി മാറിയത്. കഴിഞ്ഞ ദിവസം മുണ്ടക്കയം അസംബനിയിൽ വൃദ്ധദന്പതികളിലൊരാൾ വീടിനുള്ളിൽ പട്ടിണി കിടന്നു മരിച്ച സംഭവത്തിനുശേഷവും വയോധികരുടെ സുരക്ഷയ്ക്ക് തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കുന്നില്ല.
വീടുകളിൽ സംരക്ഷണ സാഹചര്യമില്ലാതെ വരുന്ന മുതിർന്ന പൗരൻമാർക്ക് പാർക്കാനുള്ള സംവിധാനമാണു പകൽവീടുകൾ. പലഘട്ടങ്ങളിലായി 40 കോടിയോളം രൂപയാണ് ഇത്തരത്തിൽ പകൽവീട് നിർമാണത്തിനായി തദ്ദേശസ്ഥാപനങ്ങൾ ചെലവിട്ടത്. ഓരോ വർഷവും വയോധിക ക്ഷേമത്തിനായി പദ്ധതി വിഹിതം മാറ്റിവയ്ക്കാറുമുണ്ട്.
കരാറുകാരും മറ്റും സാന്പത്തിക നേട്ടമുണ്ടാക്കിയതല്ലാതെ ഒരിടത്തും വയോധികരെ പാർപ്പിക്കാനും അവശ്യസൗകര്യങ്ങൾ എത്തിക്കാനും സാധിച്ചിട്ടില്ല. വീടുകളിൽ ആശാവർക്കർമാരും മറ്റും സന്ദർശനം നടത്തി തനിച്ചു താമസിക്കുന്ന വയോധികരുടെ ലിസ്റ്റ് പഞ്ചായത്തിലും പോലീസിലും നൽകണമെന്നാണ് ചട്ടം.
അവശ്യ ചികിത്സ, ഭക്ഷണം, കൗണ്‍സലിംഗ്, വ്യായാമം തുടങ്ങി ഏറെ ലക്ഷ്യങ്ങളാണ് പകൽവീടുകളിൽ ലക്ഷ്യം വയ്ക്കുന്നത്. ചില തദ്ദേശസ്ഥാപനങ്ങളിൽ കട്ടിലുകൾക്കും ഫർണിച്ചറിനും തുക വകയിരുത്തിയിരുന്നു. വെള്ളമോ വെളിച്ചമോ വഴിയോ ഇല്ലാതെ ആളൊഴിഞ്ഞ ഇടങ്ങളിലെ പകൽവീടുകൾ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു.