മൂവാറ്റുപുഴ വിട്ടുനല്‍കിയാല്‍ മൂന്നു സീറ്റ് നല്‍കാം: ഫോര്‍മുലയുമായി ജോസഫ്

 യുഡിഎഫില്‍ സീറ്റ് വിഭജനത്തില്‍ പുതിയ ഫോര്‍മുലയുമായി കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷം. മൂവാറ്റുപുഴ സീറ്റ് വിട്ടുനല്‍കിയാല്‍ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പേരാമ്പ്ര സീറ്റുകള്‍ വിട്ടുനല്‍കാമെന്ന പുതിയ ഫോര്‍മുലയാണ് ജോസഫ് ഗ്രൂപ്പ് മുന്നോട്ടുവച്ചിരിക്കുന്നത്. 12 സീറ്റ് എന്നതില്‍ നിന്നാണ്‌ മൂവാറ്റുപുഴ കിട്ടിയാല്‍ 10 സീറ്റിലേക്ക് ജോസഫ് ഗ്രൂപ്പ് വഴങ്ങാന്‍ തയ്യാറാകുന്നത്. ഒമ്പത് സീറ്റ് നല്‍കാം എന്നാണ് തുടക്കം മുതല്‍ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് മുമ്പാകെ വച്ചിരിക്കുന്നത്‌.

അതേ സമയം കോട്ടയം ജില്ലയില്‍ കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്നും ജോസഫ് ഗ്രൂപ്പ് അറിയിച്ചു. ഫ്രാന്‍സിസ് ജോര്‍ജിനായിട്ടാണ് ജോസഫ് മൂവാറ്റുപുഴ സീറ്റ് ചോദിക്കുന്നത്. എന്നാല്‍ മൂവാറ്റുപുഴ വിട്ടുകൊടുത്താല്‍ ഇടുക്കിയുടെ ലോ റേഞ്ചില്‍ കോണ്‍ഗ്രസിന് സീറ്റ് ഇല്ലാതെ വരും. നിലവില്‍ തന്നെ ഇടുക്കി, തൊടുപുഴ, കോതമംഗലം സീറ്റുകള്‍ ജോസഫ് ഗ്രൂപ്പിനാണ്. ഇതാണ് മൂവാറ്റുപുഴ കൂടി നല്‍കുന്നതിനെതിരെ ജില്ലാ ഘടകവും പല നേതാക്കളും നിലപാടെടുക്കുന്നത്. 

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി തന്നെ മൂവാറ്റുപുഴ വിട്ടുകൊടുക്കാനാകില്ലെന്ന് പറയുകയുണ്ടായി. രണ്ട് ദിവസങ്ങളിലായി നടത്തിയ ചര്‍ച്ചയിലും ജോസഫ് ഗ്രൂപ്പിന്റെ സീറ്റുകളില്‍ ധാരണയായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ജോസഫ് പക്ഷം പുതിയ ഫോര്‍മുല മുന്നോട്ടുവച്ചത്. ഇന്ന് അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രമേയുണ്ടാകൂ. ജോസഫ് ഗ്രൂപ്പുമായി നാളെയാകും ഇനി കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ച. 

ഏറ്റുമാനൂര്‍ കൂടി ഒടുവില്‍ വിട്ടുനല്‍കാന്‍ ജോസഫ് ഗ്രൂപ്പ് തയ്യാറായാല്‍ പേരാമ്പ്രയ്ക്ക് പുറമെ കാഞ്ഞിരപ്പള്ളി അല്ലെങ്കില്‍ പൂഞ്ഞാര്‍ രണ്ടിലൊരു സീറ്റ് കൂടി തിരിച്ചെടുത്ത് ചിലപ്പോള്‍ ഈ ഫോര്‍മുല കോണ്‍ഗ്രസ് അംഗീകരിക്കാനും സാധ്യതയുണ്ട്. പക്ഷേ മൂവാറ്റുപുഴ സീറ്റിന്റെ പേരിലുള്ള കോണ്‍ഗ്രസിലെ എതിര്‍പ്പുകള്‍ പരിഹരിച്ചാല്‍ മാത്രമേ ഇതിന് സാധ്യതയുള്ളൂ.

കാഞ്ഞിരപ്പള്ളി ജോസഫിനും പൂഞ്ഞാര്‍ കോണ്‍ഗ്രസിനും ലഭിക്കാനാണ് ഇതില്‍ കൂടുതല്‍ സാധ്യത. അങ്ങനെയെങ്കില്‍ അജിത് മുതിരമല കാഞ്ഞിരപ്പള്ളിയിലും ടോമി കല്ലാനി പൂഞ്ഞാറിലും സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുണ്ട്‌

പി.സി വിഷ്ണുനാഥിനായി കോണ്‍ഗ്രസ് കൊല്ലത്തിന് പുറമെ പരിഗണിക്കുന്ന സീറ്റില്‍ ഒന്ന് കാഞ്ഞിരപ്പള്ളിയാണ്. കാഞ്ഞിരപ്പള്ളി കോണ്‍ഗ്രസ് മത്സരിച്ചാല്‍ പൂഞ്ഞാര്‍ ജോസഫിന് അവസാന നിമിഷം വിട്ടുനല്‍കാനും സാധ്യതയുണ്ട്. അല്ലെങ്കില്‍ ജോസഫ് വാഴയ്ക്കന്‍ പൂഞ്ഞാറിലോ കാഞ്ഞിരപ്പള്ളിയിലോ അവസാന നിമിഷം എത്താനുള്ള സാധ്യതയും തള്ളാനാകില്ല.

ഇരിങ്ങാലക്കുട, തൊടുപുഴ, ഇടുക്കി, കോതമംഗലം, കുട്ടനാട്, കടുത്തുരുത്തി, ചങ്ങനാശ്ശേരി, തിരുവല്ല അല്ലെങ്കില്‍ റാന്നി ഈ സീറ്റുകളില്‍ ഏറക്കുറേ സമവായമായിട്ടുണ്ട്. ഇതിന് പുറമെ ഒന്നോ ഏറിയാല്‍ രണ്ടോ സീറ്റുകള്‍ കൂടി അവര്‍ക്ക് ലഭിച്ചേക്കും.

അങ്ങനെയെങ്കില്‍ കോട്ടയം ജില്ലയില്‍ ജോസഫ് ഗ്രൂപ്പിന് മൂന്നു സീറ്റും കോണ്‍ഗ്രസിന് അഞ്ച്‌ സീറ്റുമാകും. പാലായില്‍ മാണി സി കാപ്പനും മത്സരിക്കും. 

error: Content is protected !!