മാലിന്യവും പായലും നിറഞ്ഞ് മണിമലയാർ ദുർഗന്ധപൂരിതം
പഴയിടം : ജലോപരിതലമാകെ പായൽ നിറഞ്ഞ് മണിമലയാർ. പഴയിടം കോസ് വേയ്ക്ക് സമീപമാണ് മാലിന്യവും പായലും നിറഞ്ഞ് ദുർഗന്ധപൂരിതമായത്. മണിമലയാറിന്റെ തീരത്തെ റബർഫാക്ടറികളിൽനിന്നുള്ള മാലിന്യം തുറന്നുവിടുന്നതായി നേരത്തെ മുതൽ പരാതിയുണ്ട്. വേനൽക്കാലത്ത് ഇത്തരം മാലിന്യം അടിഞ്ഞ് ഖരാവസ്ഥയിലാകുന്ന ഭാഗത്താണ് പായൽ വളരുന്നതെന്നാണ് സംശയം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് നാട്ടുകാർ മുൻപ് പരാതികൾ നൽകിയെങ്കിലും നടപടിയില്ല.
പ്രദേശത്തെ വെള്ളം കുളിക്കാൻ ഉപയോഗിക്കാനാവാത്ത വിധം മലിനപ്പെട്ടു. മുൻവർഷം ഇതേ അവസ്ഥ വന്നപ്പോൾ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ് പഠനം നടത്തിയിരുന്നു. കോളിഫോം ബാക്ടീരിയ ഉയർന്ന തോതിലാണ് കണ്ടെത്തിയത്. വീണ്ടും ഇതേ അവസ്ഥയിൽ മണിമലയാർ എത്തിയതോടെ ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധികൾ ജലപരിശോധന നടത്തുമെന്ന് അറിയിച്ചു.