ജോസഫ് വിഭാഗത്തിന് കൂടുതൽ സീറ്റ് നൽകരുത്-യൂത്ത് കോൺഗ്രസ്
കോട്ടയം ജില്ലയിലെ യു.ഡി.എഫ്. സീറ്റ് ചർച്ചകൾ തീരുമാനമാകാതെ നീളുമ്പോൾ കോൺഗ്രസിലെയും ജോസഫ് വിഭാഗത്തിലെയും യുവജനസംഘടനകൾ അതൃപ്‌തി പരസ്യമാക്കി രംഗത്ത്.
യു.ഡി.എഫ് സീറ്റ് ചർച്ചകളിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധമുയർത്തി . ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന രീതിയിലാണ് നേതൃത്വം സീറ്റ് ചർച്ചകളുമായി മുന്നോട്ട് പോകുന്നതെന്ന് ജില്ലാ കമ്മിറ്റിയിൽ വിമർശമുയർന്നു. ജില്ലയിൽ ആറ് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് മാണി-ജോസഫ് വിഭാഗങ്ങൾ ഒരുമിച്ച് നിന്നപ്പോൾ ജില്ലയിൽ ആറ് സീറ്റിലാണ് അവർ മത്സരിച്ചത്. നിലവിൽ ഇതിൽ ഒരു വിഭാഗം മുന്നണിവിട്ട പശ്ചാത്തലത്തിൽ കടുത്തുരുത്തി ഒഴികെ മറ്റ് സീറ്റുകളിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം അവകാശവാദമുന്നയിക്കുന്നത് ശരിയല്ല.
വർഷങ്ങളായി ജില്ലയിൽ നേതൃനിരയിൽ നിൽക്കുന്നവരേ അവഗണിച്ചുകൊണ്ട് കോൺഗ്രസ് നേതൃത്വം നട്ടെല്ല് പണയം െവയ്ക്കരുതെന്നും പ്രവർത്തകരുടെ വികാരം മാനിക്കാതെയുള്ള തീരുമാനങ്ങളുമായി നേതൃത്വം മുന്നോട്ട് പോകുന്ന പക്ഷം ജില്ലയിൽ യൂത്ത് കോൺഗ്രസ് സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കോട്ടയം ഡി.സി.സി. ഓഫീസിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡൻറ് ചിന്റു കുര്യൻ ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, സംസ്ഥാന സെക്രട്ടറിമാരായ സിജോ ജോസഫ്, റ്റോം കോര അഞ്ചേരിൽ, ജില്ലാ ഭാരവാഹികൾ, നിയോജക മണ്ഡലം പ്രസിഡൻറുമാർ തുടങ്ങിയവർ പങ്കെടുത്തു.
ജോസ് വിഭാഗം യു. ഡി. എഫ്. വിട്ടതിന്റെ പേരിൽ കേരളാ കോൺഗ്രസിന് ജില്ലയിൽ ഒരു സീറ്റു മാത്രമേ വിജയ സാദ്ധ്യതയുള്ളൂവെന്ന് യൂത്ത് കോൺഗ്രസിനെ കൊണ്ട് പ്രസ്താവന ഇറക്കിയിരിക്കുന്നത് യു ഡി എഫിന്റെ കെട്ടുറപ്പിനെ തകർക്കാനാണെന്ന് യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡൻറ് ഷിജു പാറയിടുക്കിലിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ നേതൃയോഗം ആരോപിച്ചു.
കോൺഗ്രസിന്റെ വല്യേട്ടൻ മനോഭാവം കോട്ടയത്ത് മാറ്റി വച്ചില്ലെങ്കിൽ ബി ജെ പിയുടെ കോൺഗ്രസ് മുക്ത കേരളം യാഥാർഥ്യമാകാൻ സാധ്യതയുണ്ടെന്ന് നേതൃയോഗം കുറ്റപ്പെടുത്തി.
റ്റിംസ് പോൾ, ഷിനു പാലത്തുങ്കൽ, ജോമോൻ ഇരുപ്പക്കാട്ട്, ജഗൻ മഠത്തിനകം , ബിജോയി കുറുവാകുഴി, സഞ്ചു കുതിരാനി, ജസ്റ്റ്യൻ പാലത്തുങ്കൽ, ബിബിൻ തോമസ്, സിനു മനയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.