ജോർജ് ജെ.മാത്യു – കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ വിജയിച്ച ഏക കോൺഗ്രസ് നേതാവ്

പഴയ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ കൈപ്പത്തി ഉയർത്തിയ നേതാവായിരുന്നു ജോർജ്. പഴയ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ 1960-ൽ ജയിച്ച കെ.ടി.തോമസ് കരിപ്പാപ്പറമ്പിലിന് ശേഷം കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച ഏക നേതാവാണ് . മണ്ഡലത്തിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഏക നേതാവും. മുൻപും ശേഷവും കോൺഗ്രസ് സീറ്റീൽ കൈപ്പത്തി ചിഹ്നത്തിൽ വിജയക്കൊടിപാറിക്കാൻ ആർക്കും കഴിഞ്ഞിട്ടുമില്ല. മണ്ഡല പുനഃസംഘടന കഴിഞ്ഞ് വന്ന പുതിയ കാഞ്ഞിരപ്പള്ളിയിൽ കേരള കോൺഗ്രസിനായിരുന്നു സീറ്റ്.

കേരള കോൺഗ്രസിൽ 1965 മുതൽ പ്രവർത്തിച്ചു. 1984-ൽ കോൺഗ്രസിലേക്ക് എത്തി. കേരള കോൺഗ്രസ് ട്രഷറർ, സംയുക്ത കേരള കോൺഗ്രസ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമായിരുന്നു കോൺഗ്രസിലെത്തുന്നത്.

1987-ൽ കോൺഗ്രസ് കാഞ്ഞിരപ്പള്ളി സീറ്റ് നൽകാതിരുന്നതോടെ സ്വതന്ത്രനായി മത്സരരംഗത്തിറങ്ങി. എൽ.ഡി.എഫിന്റെ കെ.ജെ. തോമസ്, യു.ഡി.എഫിനായി തോമസ് കല്ലംമ്പള്ളി എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. പ്രധാനമന്ത്രി രാജീവ് ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാഞ്ഞിരപ്പള്ളിയിലെത്തി പ്രസംഗിച്ചിരുന്നു.

പക്ഷേ ജോർജ് ജെ.മാത്യുവിന്റെ സ്ഥാനാർഥിത്വം യു.ഡി.എഫിന് തിരിച്ചടിയായി. യു.ഡി.എഫ്. മൂന്നാം സ്ഥാനത്തെത്തി. തിരഞ്ഞടുപ്പിൽ കെ.ജെ.തോമസ് വിജയിച്ചു. ഇതോടെ ജോർജ് ജെ.മാത്യുവെന്ന നേതാവിന്റെ ജനപിന്തുണ നേതൃത്വം മനസിലാക്കി. പിന്നീട് 1991, 1996, 2001 തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു. 2001-ൽ കോൺഗ്രസിലെ കെ.പി.ഷൗക്കത്ത് മത്സരംഗത്തുണ്ടായിരുന്നു. എന്നിട്ടും ത്രികോണ മത്സരത്തിൽ വിജയം ജോർജ് ജെ. മാത്യുവിനൊപ്പമായി. 2006-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഗ്രൂപ്പിസത്തിന്റെ ഭാഗമായി പുതിയ സ്ഥാനാർഥി വന്നതോടെ ജോർജ് ജെ.മാത്യു പിൻവാങ്ങി.

: “രാഷ്ട്രീയത്തിലില്ല, വിവാദങ്ങളിലും, ഇക്കുറി രാഷ്ട്രീയം നോക്കാതെ നല്ല സ്ഥാനാർഥികളെ പിന്തുണയ്ക്കാനാണ് തീരുമാനം.” അദ്ദേഹം പറയുന്നു.

രാഷ്ട്രീയത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് വിശ്രമത്തിലാണ് അദ്ദേഹം. 1977-80 വരെ മുവാറ്റുപുഴ എം.പി.യുമായിരുന്ന ജോർജ് ജെ. മാത്യു കേരള ഫാർമേഴ്‌സ് ഫെഡറേഷന്റെ പ്രസിഡന്റുമാണ്.

മൂന്നുതവണ തുടർച്ചയായി കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോർജ് ഇപ്പോൾ മാനസികമായും രാഷ്ട്രീയത്തോട് വിടപറഞ്ഞു. “വിവാദങ്ങളിലും രാഷ്ട്രീയ ഗ്രൂപ്പിസത്തിലും പെടാൻ താത്പര്യമില്ല.

കേരള കോൺഗ്രസ് യോജിച്ചാൽ ശക്തി പ്രാപിക്കും അല്ലാത്തിടത്തോളം കാലം വ്യക്തികൾക്ക് മുതലെടുക്കാനുള്ള സംഘടനകൾ മാത്രമായി നിൽക്കും. കേരള കോൺഗ്രസ് ഒന്നായാൽ തിരിച്ചെത്തുന്ന കാര്യം കർഷകരുമായി തീരുമാനിച്ച് തീരുമാനമെടുക്കും”-അദ്ദേഹം പറയുന്നു.

error: Content is protected !!