ടാങ്ക് തകർത്ത് കുടുംബത്തിന്റെ കുടിവെള്ളം മുട്ടിച്ചു
മുട്ടപ്പള്ളി: കുടിവെള്ളക്ഷാമം രൂക്ഷമായ മുട്ടപ്പള്ളിയിൽ വിലകൊടുത്ത് വാങ്ങിയ വെള്ളം ശേഖരിച്ചുവെച്ച സിന്തറ്റിക് ടാങ്ക് തകർത്ത നിലയിൽ. ടാങ്കിലുണ്ടായിരുന്ന വെള്ളവും പാഴായി. മുട്ടപ്പള്ളി കാട്ടാക്കുന്നേൽ അമ്മിണിയുടെ വീട്ടുമുറ്റത്ത് വെള്ളം നിറച്ചുവെച്ചിരുന്ന 500 ലിറ്ററിന്റെ പ്ലാസ്റ്റിക് ടാങ്കാണ് സാമൂഹികവിരുദ്ധർ എറിഞ്ഞ് പൊട്ടിച്ചത്.
ബുധനാഴ്ച രാത്രി 11.30-ഓടെയാണ് സംഭവമെന്ന് കരുതുന്നു. അമ്മിണിയും മകളുമാണ് വീട്ടിൽ താമസം. രാത്രിയിൽ വീട്ടുമുറ്റത്ത് ഉച്ചത്തിലുള്ള ശബ്ദം കേട്ടെങ്കിലും എന്താണെന്ന് മനസിലായില്ല. പുലർച്ചെയാണ് ടാങ്ക് പൊട്ടിയ നിലയിൽ കണ്ടെത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. ടാങ്കിന് സമീപം ചുടുകട്ട കണ്ടതായും സാമൂഹികവിരുദ്ധർ എറിഞ്ഞ് പൊട്ടിച്ചതാകാനാണ് സാധ്യതയെന്നും വാർഡംഗം എം.എസ്.സതീഷ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുകാർ എരുമേലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
എരുമേലി ഗ്രാമപ്പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമാണ് മുട്ടപ്പള്ളി. 60 കോടിയിലേറെ തുക ചെലവഴിച്ചിട്ടും എരുമേലി കുടിവെള്ള പദ്ധതിയിൽ മുട്ടപ്പള്ളി ഉൾപ്പെടെ കുടിവെള്ളക്ഷാമം രൂക്ഷമായ പാത്തിക്കക്കാവ്, ആമക്കുന്ന്, തമ്പുരാൻകോളനി, ശ്രീനിപുരം തുടങ്ങി വിവിധ പ്രദേശങ്ങളിൽ ജലവിതരണം തുടങ്ങാൻ പദ്ധതിയിലൂടെ കഴിഞ്ഞിട്ടില്ല. ഇവിടങ്ങളിലെല്ലാം പ്രാഥമികാവശ്യങ്ങൾക്ക് വെള്ളം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. ടാങ്ക് തകർത്ത് ഒരു കുടുംബത്തിന്റെ കുടിവെള്ളം മുട്ടിച്ചവരെ കണ്ടെത്തണമെന്നും എരുമേലി കുടിവെള്ള പദ്ധതി നടത്തിപ്പ് വേഗത്തിലാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.