സഹോദരിമാർ ചേർന്ന് ചിത്രീകരിച്ച ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് കുഞ്ഞനുജത്തിക്ക് ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം
കാഞ്ഞിരപ്പള്ളി: സഹോദരിമാർ ചേർന്ന് ചിത്രീകരിച്ച ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പ്രത്യേക ജൂറി പരാമർശം. ഇടക്കുന്നം വലിയപറമ്പിൽ സുരേന്ദ്രന്റെ മകൾ മിനീഷ സുരേന്ദ്രനാണ് മികച്ച ബാലതാരത്തിനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹയായത്. സത്യജിത് റേ ഫിലിം ഇന്റർനാഷ്ണൽ ഡോക്കുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലാണ് മിനീഷയ്ക്ക് അംഗീകാരം ലഭിച്ചത്. ഇടക്കുന്നം മേരിമാതാ പബ്ലിക് സ്‌കൂളിലെ വിദ്യാർഥിയാണ് മിനീഷ സുരേന്ദ്രൻ.
ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയരുതെന്ന നാടക ഗാനത്തെ ആസ്പദമാക്കിയാണ് ഗ്രാമം എന്ന പേരിൽ കുട്ടികളുടെ വിഭാഗത്തിൽ ഹ്രസ്വചിത്രം സഹോദരിമാർ ചേർന്ന് തയ്യാറാക്കിയത്.
സ്‌കൂൾ തലങ്ങളിൽ കലാമത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള സഹോദരിമാർ കോവിഡ് പ്രതിസന്ധിയിലെ അവധി ദിനങ്ങളിലാണ് ഷോർട്ട് ഫിലിം ഒരുക്കിയത്. മൊബൈൽ ക്യാമറയിൽ വീടും പരിസരവും ലൊക്കേഷനാക്കിയായിരുന്നു ചിത്രീകരണം.
ക്യാമറയും സംവിധാനവുമെല്ലാം ചേച്ചിമാർ തന്നെ നടത്തി. എൻജിനീയറിങ് വിദ്യാർഥിയായ മീനാക്ഷിയും പ്ലസ് വൺ വിദ്യാർഥിനിയായ മനീഷയും ചേർന്നാണ് ഹ്രസ്വ ചിത്രം തയ്യാറാക്കിയത്.
പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച് ആറാം ക്ലാസ് വിദ്യാർഥിയായ മിനീഷയാണ്. അച്ഛൻ വി.വി.സുരേന്ദ്രവും അമ്മ ബീനയും നിർദേശങ്ങൾ നൽകി. ഓൺലൈനിലൂടെ മത്സരം നടക്കുന്നുണ്ടെന്നറിഞ്ഞ് അയയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി ഇ.ചന്ദ്രശേഖരനിൽനിന്നുമാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഇടക്കുന്നം മേരിമാതാ പബ്ലിക് സ്‌കൂളിലെ വിദ്യാർഥിയാണ് മിനീഷ സുരേന്ദ്രൻ.