തേനീച്ച കർഷകൻ തേനീച്ചയുടെ കുത്തേറ്റ് കുഴഞ്ഞുവീണു മരിച്ചു
ഏയ്ഞ്ചൽ വാലി : തേനീച്ച കർഷകൻ, തന്റെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന തേനീച്ച കൂടുകളിൽ നിന്നും തേൻ സംഭരിക്കുന്നതിനിടയിൽ തേനീച്ചകൾ കുത്തുകയും, തുടർന്ന് കുഴഞ്ഞു വീഴുകയും ചെയ്തു. തുടർന്ന് അടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.
ഏയ്ഞ്ചൽ വാലി എഴുകുംമണ്ണ് പുതിയേത് ചെറിയാൻ ജോസഫ് (കുഞ്ഞുമോൻ 56 ) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. ഉടൻതന്നെ മുക്കൂട്ടുതറ അസ്സീസ്സി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും , മരണം സംഭവിക്കുകയായിരുന്നു. അപ്രതീക്ഷിതമായി തേനീച്ചകൾ കൂട്ടത്തോടെ കുത്തിയപ്പോൾ,അവശനായി രക്തസമ്മർദ്ദം താഴ്ന്നതാണ് മരണകാരണം എന്ന് അനുമാനിക്കുന്നു.
അടുത്ത ദിവസം പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളു. മുൻപും ഒരിക്കൽ കുഞ്ഞുമോൻ തേനീച്ചകളുടെ കുത്തേറ്റ് അവശനായി വീഴുകയുണ്ടെങ്കിലും, ആശുപത്രിയിൽ ചികിത്സ തേടി സുഖം പ്രാപിച്ചിരുന്നു.
ഭാര്യ ജാൻസി പെരുവന്താനം അഴങ്ങാട് വരിക്കേരി കുടുംബാംഗം. മക്കൾ റോയ്‌സ്, അലീന.
സംസ്കാരം ശനിയാഴ്ച നാലു മണിക്ക് ഏയ്ഞ്ചൽ വാലി സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ .