കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയില്‍ ഇന്‍ഫാമിന്റെ ഇടപെടല്‍ ശ്ലാഘനീയം: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയില്‍ ഇന്‍ഫാമിന്റെ ഇടപെടല്‍ ശ്ലാഘനീയമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ലോക്ക്ഡൗണ്‍കാലത്ത് ഭക്ഷ്യ സുരക്ഷയ്ക്കായി ആവിഷ്‌കരിച്ച പത്തായം നിറയ്ക്കല്‍ പദ്ധതിയിലൂടെ ശേഖരിച്ച ഭക്ഷ്യവിളകളുടെ വിലയും ബോണസും വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍.

വിളകളുടെ തറവില സര്‍ക്കാരുകളുടെ പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുമ്പോള്‍ അത് യാഥാര്‍ഥ്യമാക്കുകയാണ് പത്തായം നിറയ്ക്കല്‍ പദ്ധതിയിലൂടെ ഇന്‍ഫാം ചെയ്തിരിക്കുന്നത്. കര്‍ഷകര്‍ സംഘടിച്ചെങ്കില്‍ മാത്രമേ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ സാധിക്കുകയുള്ളുവെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.

വിലത്തകര്‍ച്ച മൂലം കര്‍ഷകര്‍ പ്രതിസന്ധിയിലായ കാലഘട്ടത്തില്‍ പത്തായം നിറയ്ക്കല്‍ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ സാധിച്ചതില്‍ ഇന്‍ഫാമിന് തികഞ്ഞ ചാരിതാര്‍ഥ്യമുണ്ടെന്ന് ആമുഖപ്രസംഗം നടത്തിയ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. ഇടനിലക്കാര്‍ ഇല്ലാതെ കപ്പയ്ക്ക് 15 രൂപ വിലയും അഞ്ചു രൂപ ബോണസും നല്‍കി ഏകദേശം രണ്ടുലക്ഷത്തോളം കിലോ കപ്പയാണ് ശേഖരിച്ചത്. ഏത്തക്കായ്ക്ക് കിലോയ്ക്ക് 25 രൂപ വിലയും 15 രൂപ ബോണസും കാപ്പിക്കുരുവിന് കിലോയ്ക്ക് 70 രൂപ വിലയും 11 രൂപ ബോണസും നല്‍കാനായി. പത്തായം നിറയ്ക്കല്‍ പദ്ധതിയില്‍ പങ്കാളികളായ കര്‍ഷകരെയും ഐഎഎഫ് അംഗങ്ങളെയും അഭിനന്ദിക്കുന്നതായും ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.

കൃഷിവിളകള്‍ക്ക് വിലത്തകര്‍ച്ചയുണ്ടായ ഘട്ടത്തില്‍ നിര്‍ണായക ഇടപെടലാണ് ഇന്‍ഫാം നടത്തിയതെന്ന് അധ്യക്ഷതവഹിച്ച കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു.

യോഗത്തില്‍ ഫാ. ജെയിംസ് വെണ്‍മാന്തറ, ഫാ. റോബിന്‍ പട്രകാലായില്‍, ഫാ. ജിന്‍സ് കിഴക്കേല്‍ എന്നിവരെയും ഇന്‍ഫാം അഗ്രി ഫോഴ്സ് അംഗങ്ങളെയും മാർ ജോസ് പുളിക്കല്‍ ആദരിച്ചു. വിലത്തകര്‍ച്ചയുടെ പ്രതിസന്ധികാലത്ത് കര്‍ഷകര്‍ക്ക് കൈത്താങ്ങായ ഇന്‍ഫാം ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയിലിനെ കര്‍ഷകര്‍ ഉപഹാരം നല്‍കി ആദരിച്ചു. ജെയ്സണ്‍ ചെമ്പ്ളായില്‍, ജോമോന്‍ ചേറ്റുകുഴി, ജോസ് താഴത്തുപീടികയില്‍, തങ്കച്ചന്‍ കൈതയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിളകള്‍ സംഭരിച്ചത്.

ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ പ്രസംഗിച്ചു. ഇന്‍ഫാം ജോയിന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് കിഴക്കേല്‍ സ്വാഗതവും എക്സിക്യൂട്ടീവ് മെംബര്‍ ജോസ് താഴത്തുപീടികയില്‍ നന്ദിയും പറഞ്ഞു.

error: Content is protected !!