പൂവല്ല, പൂന്തേനല്ല; തേനീച്ചക്കൂടാണ്
മുണ്ടക്കയം ഇൗസ്റ്റ് ∙ ഒരു വലിയ മരം മുഴുവൻ പൂത്തുലഞ്ഞു നിൽക്കുകയാണ്. .. പഴങ്ങളും പൂവും അല്ല നല്ല നാടൻ തേൻ.. ഒന്നല്ല ചെറുതും വലുതുമായ 30ൽ അധികം തേനീച്ച കൂടുകൾ ഒരു മരത്തിൽ കണ്ടാൽ ശരിക്കും കൗതുകം തന്നെ പക്ഷേ, അത് സദാസമയവും വാഹന തിരക്കുള്ള റോഡരികിൽ ആണെന്നത് കൗതുകത്തിന് ഒപ്പം ഭീതിയും വർധിപ്പിക്കുകയാണ്.കെകെ റോഡിൽ മരുതുംമൂടിന് സമീപം 36–ാം മൈൽ റോഡരികിലാണു വൻ മരത്തിൽ തേനീച്ചകൾ കൂട് കൂട്ടിയിരിക്കുന്നത്. വലിയ മരത്തിന്റെ എല്ലാ ശിഖരത്തിലും തേനീച്ച കൂടുകൾ ഉണ്ട്. യാത്രക്കാർ പലരും ഇൗ കാഴ്ച കാണാൻ ഇവിടെ ഇറങ്ങാറുണ്ട്. പക്ഷികൾ വന്ന് തേനീച്ച കൂട് ആക്രമിച്ചാൽ ഇൗച്ച ഇളകി യാത്രക്കാരെ ഉൾപ്പെടെ ആക്രമിക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ മൂന്നു മാസത്തിനിടെ എസ്റ്റേറ്റ് ജോലിക്കിടെ തേനീച്ചയുടെ കുത്തേറ്റ് എട്ട് പേർക്ക് പരുക്കേറ്റിരുന്നു. റബർ പൂക്കൾ ഉണ്ടാകുന്ന സമയം ആയതോടെ തേനീച്ച കൂടുകൾ മലയോര മേഖലയിൽ വ്യാപകമാണ്. പ്രത്യേക സമയത്ത് മാത്രം എത്തി കൂടു കൂട്ടുന്ന ഇൗച്ചയാണ് എസ്റ്റേറ്റിനുള്ളിൽ ഉള്ളത്. എന്നാൽ റോഡരികിലെ മരത്തിൽ ഇപ്പോൾ ഏറെ നാളുകളായി തേനീച്ചകൾ സ്ഥിരമായി കൂട് കൂട്ടുന്നു. ഓരോ ദിവസവും കൂടുകളുടെ എണ്ണം കൂടുന്നതോടെ ഭീതിയും വർധിക്കുന്നു.