ജോസഫ് ഗ്രൂപ്പിന് മൂന്നു സീറ്റ്: കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് മൂന്നു സീറ്റ് കൊടുക്കാനുള്ള നീക്കത്തിൽ കോട്ടയത്തെ യൂത്ത്‌ കോൺഗ്രസ് അണികൾക്കിടയിൽ അമർഷം. ഏറ്റുമാനൂർ സീറ്റ് വിട്ടുകൊടുക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി.സി.സി. ഒാഫീസ് ഉപരോധിച്ചു. 

സീറ്റ് വിട്ടുകൊടുത്ത് തോൽവി ഏറ്റുവാങ്ങരുതെന്ന മുന്നറിയിപ്പും നൽകി. ഉമ്മൻചാണ്ടി അടക്കമുള്ള മുതിർന്നനേതാക്കളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലും സീറ്റ് നൽകുന്നതിൽ ഒട്ടേറെ പ്രവർത്തകർ പ്രതിഷേധം അറിയിച്ചു.

കടുത്തുരുത്തി മാത്രം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് നൽകിയാൽ മതിയെന്ന് നേരത്തേ ഡി.സി.സി. ആവശ്യപ്പെട്ടിരുന്നു. 

ഒരെണ്ണം മാണി സി. കാപ്പനും ബാക്കി ഏഴിലും കോൺഗ്രസ് മത്സരിക്കണമെന്നാണ് ജില്ലാനേതൃത്വം എ.ഐ.സി.സി. സെക്രട്ടറി ഐവാൻ ഡിസൂസയ്ക്ക് മുന്നിലും ആവശ്യമുന്നയിച്ചത്. കഴിഞ്ഞ ദിവസത്തെ ചർച്ചകളിൽ കടുത്തുരുത്തി കൂടാതെ ചങ്ങനാശ്ശേരികൂടി അവർക്ക് നൽകാൻ തീരുമാനിച്ചിരുന്നു. കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി സീറ്റുകളാണ് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെട്ടത്. കാഞ്ഞിരപ്പള്ളി വിട്ടുനൽകാൻ കഴിയില്ലെന്ന് കോൺഗ്രസ് അറിയിച്ചു. 

മാധ്യമപ്രവർത്തകർക്ക്‌ നേരെ കൈയേറ്റം

ഡി.സി.സി.ക്ക് മുന്നിൽ നടന്ന ഉപരോധത്തിനുശേഷം ചില പ്രവർത്തകർ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തു. ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയെച്ചൊല്ലിയായിരുന്നു പ്രതിഷേധം. കൈയേറ്റത്തിൽ ഡി.സി.സി. പ്രതിഷേധിച്ചു. കോൺഗ്രസ് ശൈലിയല്ല ഇതെന്ന് ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.

error: Content is protected !!