കാഞ്ഞിരപ്പള്ളി ബൈപാസിന്റെ പണി തുടങ്ങുവാൻ പോലും സാധിക്കാതെ അനിശ്ചിതമായി നീണ്ടു പോകുന്നത് ? ഒരു വിശകലനം ..

കാഞ്ഞിരപ്പള്ളിക്കാരുടെ ചിരകാല ആഗ്രഹം ആയിരുന്ന കാഞ്ഞിരപ്പള്ളി ബൈപാസിന്റെ ഇന്നത്തെ സ്ഥിതി എന്താണ്. എന്തുകൊണ്ടാണ് പണി തുടങ്ങുവാൻ പോലും സാധിക്കാതെ അനിശ്ചിതമായി നീണ്ടു പോകുന്നത് ? ഒരു വിശകലനം ..

കാഞ്ഞിരപ്പള്ളി ബൈപാസിന്റെ ആദ്യത്തെ നിർദേശം 2004ൽ അന്നത്തെ കാഞ്ഞിരപ്പള്ളി എം.എൽ.എ. ശ്രീ.ജോർജ് ജെ മാത്യൂവിന്റെ കാലത്താണ്. എന്നാൽ ആ പദ്ധതി വിവിധ കാരണങ്ങളാൽ നടപ്പായില്ല.

പിന്നീട് 2006ൽ കാഞ്ഞിരപ്പള്ളി എം.എൽ.എ. ആയി വന്ന ശ്രീ.അൽഫോൻസ് കണ്ണന്താനം ഈ പദ്ധതിക്ക് വേണ്ടി ശ്രമിക്കുകയും 12-04-2007ൽ പൊതുമരാമത്ത് വകുപ്പ് റഫ് കോസ്റ്റ് എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തു.


അന്ന് ഇതിന്റെ അടങ്കൽ തുകയായി കണക്കാക്കിയിരുന്നത് 31450000 രൂപ ആയിരുന്നു. പൊതുമരാമത്ത് തയാറാക്കിയ എസ്റ്റിമേറ്റ് തുകയിൽ ബൈപാസ് നിർമാണത്തിന് മാത്രമാണ് തുക ഉൾപ്പെടുത്തിയിരുന്നത്.


സ്ഥലം ഏറ്റെടുക്കുന്നതിന് തുക കണക്കാക്കിയില്ലായിരുന്നു. അതിനാൽ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി എം.എൽ.എ ഫണ്ടിൽ നിന്ന് 1 കോടി രൂപ അനുവദിക്കുന്നതിന് നിർദേശിച്ചു. എംഎൽഎ ഫണ്ടിന്റെ നിയമമനുസരിച്ച് സ്ഥലം വാങ്ങുന്നതിന് പ്രസ്തുത ഫണ്ട് ഉപയോഗിക്കാൻ സാധിക്കില്ല. അതിനാൽ ആ നിർദേശവും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല.


അതിനു ശേഷം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ സമീപത്തെ കൊടും വളവിൽ (പഴയ എൻ എച്ച് 220ന്റെ 144/700ൽ) നിന്ന് ആരംഭിച്ച് കാഞ്ഞിരപ്പള്ളി മണിമല റോഡിനെയും ചിറ്റാർപുഴയേയും കടന്ന് ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം (പഴയ എൻ എച്ച് 220ന്റെ 146/900ൽ) എത്തിച്ചേരുന്ന തരത്തിലുള്ള പുതിയ പ്രൊപ്പോസൽ വീണ്ടും തയാറാക്കുകയും 925 ലക്ഷം രൂപയുടെ റഫ് കോസ്റ്റ് എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തു.
12-05-2008ലാണ് പൊതുമരാമത്ത് കോട്ടയം ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഇത് ഭരണാനുമതിക്കുവേണ്ടി സമർപ്പിച്ചത്. 01-07-2010ൽ കോട്ടയം ജില്ലാ കളക്ടർ സംസ്ഥാന ലാന്റ് റവന്യൂ കമ്മീഷണർക്ക് 3.9830 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിനുവേണ്ടിയുള്ള റിക്വസ്റ്റ് സമർപ്പിച്ചു.
1894ലെ ലാന്റ് അക്വിസിഷൻ ആക്ടിന്റെ സെക്ഷൻ 17 പ്രകാരം ഈ ഭൂമി ഏറ്റെടുക്കുന്നതിന് അടിയന്തരനടപടികൾ എ ക്ലോസ് ഉപയോഗിച്ച് നടത്തുന്നതിനാണ് റിക്വസ്റ്റ് നൽകിയത്. 28-11-2008ലെ സ.ഉ.(സാധാ)നം.1998/2008/പൊ.മ.വ. ഉത്തരവ് പ്രകാരം സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിന് അനുവാദം നൽകി.


എങ്കിലും അർഹമായ നഷ്ടപരിഹാരം ലഭിക്കുമോ എന്ന് വസ്തുത ഉടമസ്ഥരുടെ ആശങ്കയുടെ അടിസ്ഥാനത്തിൽ ബൈപാസിനായി സ്ഥലമേറ്റെടുക്കൽ നടത്തുന്നത് നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് എന്ന് കാണിച്ച് ബഹു.ഹൈക്കോടതിയിൽ കേസ് നൽകുകയും, സ്ഥലമേറ്റെടുക്കലിനുള്ള എല്ലാ നടപടികളും സ്റ്റേ ചെയ്യുകയും ചെയ്തു.


ഈ കേസ് ബഹു.കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ, നിയോജകമണ്ഡല പുനഃസംഘടയ്ക്ക് ശേഷം 2011 മെയ് മാസത്തിൽ ആണ് കാഞ്ഞിരപ്പള്ളി എം.എൽ.എ. ആയി ഡോ.എൻ.ജയരാജ് ചുമതലയേൽക്കുന്നത്.
അപ്പോൾ ബൈപാസ് കടന്നുപോകുന്ന സ്ഥലങ്ങളിലെ വസ്തു ഉടമസ്ഥർ നൽകിയ കേസ് ഹൈക്കോടതിയിൽ പരിഗണനയിലാണ്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ അതിൽ ഇടപെടുന്നതിന് പുതുതായി വന്ന എംഎൽഎയ്ക്ക് സാധിക്കുമായിരുന്നില്ല.
എങ്കിലും നിയമപരമായി സാധ്യമായ പലവഴികൾ തേടുകയും 2012ൽ ഇതുസംബന്ധിച്ച ഹൈക്കോടതി വിധി വരുകയും ചെയ്തു.
നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഭൂമി ഏറ്റെടുക്കുതിന് നടപടികൾക്ക് അനുവാദം ബഹു.ഹൈക്കോടതി നൽകി.
അപ്പോഴേക്കും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ കേന്ദ്രനിയമം 2013ൽ പ്രാബല്യത്തിൽ വന്നു.


അതുവരെ പാലിച്ചുവന്ന സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച പഴയ നിയമം ഇല്ലാതാകുകയും പുതിയ നിയമം പ്രാബല്യത്തിലെത്തുകയും ചെയ്തപ്പോൾ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് നടപടിക്രമങ്ങളുടെ ചട്ടങ്ങൾ തയാറാക്കുന്നതു വരെ തുടർ നടപടികൾ അവ്യക്തമാക്കി.
19-09-2015 ലാണ് ഇത് സംബന്ധിച്ച ചട്ടം കേരള സർക്കാർ തയാറാക്കിയത്. 3 വർഷത്തോളം ചട്ടമില്ലാതെ അവ്യക്തമായ നടപടിക്രമങ്ങൾ മൂലം ഭൂമിയേറ്റെടുക്കൽ നടപടികളിൽ ഏതാണ്ട് പൂർണമായിതന്നെ നിർത്തിവയ്‌ക്കേണ്ടി വന്നു.


17-12-2015ൽ അതായത് പുതിയ നിയമത്തിന്റെ ചട്ടം രൂപീകരിച്ച 19-09-2015 ന് ശേഷം നടന്ന ആദ്യത്തെ നിയമസഭാസമ്മേളനവേളയിൽ തന്നെ ബൈപാസ് വിഷയം സബ്മിഷനായി അവതരിപ്പിച്ചു.
അതിൽ ലഭിച്ച മറുപടിയിൽ ഭൂമിയേറ്റെടുക്കൽ നടപടികൾ സ്റ്റേറ്റ് ലെവൽ എംപവേർഡ് കമ്മിറ്റിയുടെ പരിഗണനയിലാണെും അനുവാദം കിട്ടിയാലുടൻ തുടർ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.


ഇതിന് ശേഷം 06-01-2016ലെ റവന്യൂ വകുപ്പിന്റെ സ.ഉ.(സാധാ)നം.54/16/റ.വ. ഉത്തരവ് പ്രകാരം സ്റ്റേറ്റ് ലെവൽ മോണിറ്ററിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരം 2015ൽ ചട്ടം നിലവിൽ വന്നശേഷം Right to Fair Compensation and Transparency in Land Acquisition; Rehabilitation and Resettlement Act 2013 അനുസരിച്ച് കാഞ്ഞിരപ്പള്ളി വില്ലേജിൽപ്പെട്ട 308.13 ആർ സ്ഥലം ഏറ്റെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
2016-17 ലെ സംസ്ഥാന ബജറ്റിൽ ബൈപാസിന് 20 കോടി രൂപയും എൻ.ജയരാജ് എംഎൽഎയുടെ അഭ്യർത്ഥനപ്രകാരം അനുവദിച്ചു.
2016ലെ പതിനാലാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ നടപടികൾ നിർത്തിവച്ചു. 2016 മെയ് മാസത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വരുകയും ഡോ.എൻ.ജയരാജ് നിവേദനം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ബഹു.ധനമന്ത്രി തോമസ് ഐസക് പ്രത്യേക താത്പര്യമെടുക്കുകയും 2016-17ലെ റിവൈസ്ഡ് ബജറ്റിൽ കിഫ്ബി ധനസഹായത്തോടെ കാഞ്ഞിരപ്പള്ളി ബൈപാസിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.


ഇതിന്റെ അടിസ്ഥാനത്തിൽ 27-09-2016ൽ പൊതുമരാമത്ത് വകുപ്പിന്റെ സ.ഉ.(സാധാ) നം.1324/2016 /പൊ.മ.വ. ഉത്തരവ് പ്രകാരം കാഞ്ഞിരപ്പള്ളി ബൈപാസിന്റെ വിശദമായ ഡിസൈനും, റിപ്പോർട്ട്ും എസ്റ്റിമേറ്റും തയാറാക്കുന്നതിന് കിഫ്ബി പദ്ധതികൾക്കായുള്ള സ്‌പെഷൽ പർപസ് വെഹിക്കിളായി തെരഞ്ഞെടുത്ത സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ കേരളാ റോഡ്‌സ് ആന്റ് ബ്രിജസ് കോർപ്പറേഷനെ ചുമതലപ്പെടുത്തി.
അവർ തയാറാക്കിയ ഡി പി ആർ പരിഗണനയിലിരിക്കെ കിഫ്ബിയിൽ നിന്നും ബൈപാസിന്റെ പ്ലാനിലെ ഓവർ ബ്രിഡ്ജ് 15 മീറ്ററിൽ നിന്ന് 12 മീറ്ററായി ചുരുക്കാനുള്ള നിർദേശം വന്നതായി അറിഞ്ഞയുടൻ 04-04-2018ൽ തന്നെ ആ നിർദേശം റദ്ദ് ചെയ്യണമെന്നും അപ്പോൾ തയാറാക്കിയ ഡിപിആർ പ്രകാരം 15ൽ മീറ്ററിൽ തന്നെ പാലം പണിയുന്നതിന് തയാറാകണമെന്നും ബഹു.ധനമന്ത്രിയോടും, കിഫ്ബി സി.ഇ.ഒ. ശ്രീ.കെ.എം.ഏബ്രഹാമിനും എംഎൽഎ കത്ത് നൽകുകയും നേരിൽ കണ്ട് അവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു.
അതിൻപ്രകാരം ഡിപിആർ അങ്ങനെതന്നെ അംഗീകരിക്കുകയും 25-05-2018ലെ കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാന പ്രകാരം സ്ഥലമേറ്റെടു ക്കുന്നതിനുൾപ്പെടെ 78.69 കോടി രൂപ അനുവദിച്ച് ഉത്തരവായി.


ഇതിൻപ്രകാരം പൊതുമരാമത്ത് വകുപ്പ് നേരത്തെ തയാറാക്കിയ പ്ലാൻ പ്രകാരമുള്ള 23 സർവേ നമ്പറുകളിൽപ്പെട്ട 308.16 ആർ സ്ഥലത്തിന്റെ സോഷ്യൽ ഇംപാക്ട് സ്റ്റഡി റിപ്പോർട്ട്്് സമർപ്പിക്കുകയും ചെയ്തു.
പൊതുമരാമത്ത് വകുപ്പ് നേരത്തേ തയാറാക്കിയ ഡിസൈനിൽ ദേശിയപാതയുമായി സംഗമിക്കുന്ന രണ്ട് വെൽമൗത്തുകൾ ഉൾപ്പെട്ടിട്ടുണ്ടായിരുന്നില്ല. ആർ ബി ഡി സി കെയുടെ ആവശ്യപ്രകാരം കിറ്റ്‌കോയോട് പുതിയ ഡിസൈൻ തയാറാക്കാൻ ചുമതലപ്പെടുത്തി.
ദേശീയപാതയിലേക്ക് കടന്നുവരുന്ന വാഹനങ്ങളുടെ അപകടസാധ്യത കണക്കിലെടുത്ത് മതിയായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ഡിവൈഡറുകളും റൗണ്ടാനകളും ചേർത്ത് പുതിയ ഡിസൈൻ കിറ്റ്‌കോ തയാറാക്കി. ഇത് തയാറാക്കുന്ന ഓരോ ഘട്ടത്തിലും ആർ ബി ഡി സി കെയുമായി നിരന്തരം സമ്പർക്കം പുലർത്തിവന്നു. ഇതിനിടയിൽ ബന്ധപ്പെട്ട വസ്തു ഉടമസ്ഥർക്ക് ഇത് സംബന്ധിച്ച സുതാര്യത ബോധ്യപ്പെടുത്തി നൽകുകയും സോഷ്യൽ ഇംപാക്ട് സ്റ്റഡിയിലും, അലൈൻമെന്റ് സ്റ്റോൺ ഇട്ട് വേർതിരിക്കുന്ന ഘട്ടത്തിലുമെല്ലാം വസ്തു ഉടമകളുടെ സജീവസാന്നിധ്യം ഉറപ്പുവരുത്താനും എംഎൽഎക്ക് കഴിഞ്ഞു.


എല്ലാ ഘട്ടത്തിലും വസ്തു ഉടമകളുടെ പരമാവധി സഹകരണം എംഎൽഎ ഉറപ്പാക്കി. പുതിയ ഡിസൈൻപ്രകാരം കൂടുതൽ സ്ഥലം ആവശ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 22-02-2019ൽ റവന്യൂ വകുപ്പിന്റെ സ.ഉ.(അച്ചടി)നം.17/2019/റ.വ. ഉത്തരവ് പ്രകാരം 17 സർവേ നമ്പറുകളിൽപ്പെട്ട 80.3 ആർ സ്ഥലം ബൈപാസിന്റെ ആവശ്യത്തിനായി ഏറ്റെടുക്കുന്നതിനുള്ള അനുമതി നൽകി.
ഈ ഉത്തരവിൽ തന്നെ സോഷ്യൽ ഇംപാക്ട് സ്റ്റഡി നടത്താൻ കേരളാ വോളണ്ടറി ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.സാജു വി ഇട്ടിയെ സർക്കാർ ചുമതലപ്പെടുത്തി.


27-05-2019ൽ ഇതിന്റെ ഇടക്കാല റിപ്പോർട്ട് റവന്യൂവകുപ്പിന് സമർപ്പിച്ചു. 2015ലെ ചട്ടപ്രകാരം ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതിന് ആവശ്യമായ ആകെ തുകയുടെ 5 ശതമാനം പരമാവധി 50 ലക്ഷം ബന്ധപ്പെട്ട ഏജൻസി (കിഫ്ബി) റവന്യൂ വകുപ്പിന് കൈമാറണമെന്ന വ്യവസ്ഥ പ്രകാരം ആദ്യ ഘട്ടമായി 3 ലക്ഷവും 2019 ഫെബ്രുവരി ആദ്യവാരത്തിൽതന്നെ 47 ലക്ഷം രൂപയും റവന്യൂവകുപ്പിന് കൈമാറി.
17 പ്രധാന സർവേ നമ്പറുകളിലും അതിന്റെ സബ് ഡിവിഷനുകളിലുമായി കിടക്കുന്ന ഭൂമി കണ്ടെത്തി ബൈപാസിനുള്ള സബ്ഡിവിഷൻ തയാറാക്കുക എന്ന ശ്രമകരമായ ജോലി പൂർത്തിയാക്കാൻ സംസ്ഥാന സർവേ ഡയറക്ടറെ നേരിട്ട് കണ്ട് ആവശ്യമായ ഉദ്യോസ്ഥരുടെ സേവനം ലഭ്യമാക്കാമെന്ന ഉറപ്പും സമ്പാദിച്ചു.


തുടർനടപടികൾ നടന്നുവരവെ രണ്ട് പ്രളയം, കോവിഡ് സാഹചര്യങ്ങൾ, ലോക് ഡൗൺ എന്നിവ മൂലം കാലതാമസമുണ്ടായി എന്നത് വാസ്തവമാണ്.

error: Content is protected !!