അൽഫോൻസ് കണ്ണന്താനത്തിനു സമ്മർദം; പി.സി. തോമസും സ്ഥാനാർഥിയായേക്കാം
കോട്ടയം ജില്ലയിലെ ബിജെപി സ്ഥാനാർഥികളുടെ പട്ടിക ഉടൻ പുറത്തുവരും. കാഞ്ഞിരപ്പള്ളിയിൽ അൽഫോൻസ് കണ്ണന്താനവും പാലായിൽ പി.സി. തോമസും മത്സരിക്കണമെന്ന താത്പര്യത്തിൽ എൻഡിഎ സ്ഥാനാർഥി ലിസ്റ്റ് ഇന്നു ഡൽഹിയിൽ എത്തിക്കും. ഇന്നോ നാളെയോ ഡൽഹിയിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. കാഞ്ഞിരപ്പള്ളിയിൽ അൽഫോൻസ് കണ്ണന്താനം മത്സരിക്കാനില്ലെന്ന താത്പര്യം അറിയിച്ചെങ്കിലും ശക്തമായ മത്സരം മുൻനിർത്തി അദ്ദേഹത്തെ കേന്ദ്രം നിയോഗിക്കുമെന്നാണ് സംസ്ഥാന ഘടകം കരുതുന്നത്.
ജെ. പ്രമീള ദേവി, വി.എൻ. മനോജ്, നോബിൾ മാത്യു എന്നിവരെയും പരിഗണിക്കുന്നുണ്ട്. കോട്ടയത്ത് ടി.എൻ. ഹരി, അഖിൽ രവീന്ദ്രൻ എന്നിവർക്കാണ് സാധ്യത. ജെ. പ്രമീള ദേവിയെ കോട്ടയത്തും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി മത്സരിക്കുന്ന സാഹചര്യത്തിൽ എൻ. ഹരിയെ രംഗത്തിറക്കും. ചങ്ങനാശേരിയിൽ ജി. രാമൻനായർ, കൃഷ്ണകുമാർ, എ. മനോജ് എന്നീ പേരുകളാണു പരിഗണിക്കുന്നത്. പൂഞ്ഞാർ, വൈക്കം, ഏറ്റുമാനൂർ സീറ്റുകൾ ബിഡിജെഎസിനു നല്കും. എന്നാൽ ഏറ്റുമാനൂർ ഏറ്റെടുക്കുന്ന കാര്യത്തിൽ ബിഡിജെഎസ് വ്യക്തത നല്കിയിട്ടില്ല. പാലായിൽ കേരള കോണ്ഗ്രസ് ചെയർമാൻ പി.സി. തോമസ് മത്സരിക്കണമെന്നാണ് സംസ്ഥാന നേതൃത്വം താത്പര്യപ്പെടുന്നത്.
പി.സി. തോമസ് ഒഴിവായാൽ എൻ.കെ. നാരായണൻ നന്പൂതിരിക്കാണ് സാധ്യത. കടുത്തുരുത്തിയിൽ ലിജിൻ ലാൽ, പി.ജി. ബിജുകുമാർ എന്നിവരെയാണു പരിഗണിക്കുന്നത്. കോട്ടയം സീറ്റിൽ ജയസൂര്യനെയും പരിഗണിക്കുന്നുണ്ട്.