പൊടിമറ്റം-പൊന്മല-ആനക്കല്ല് റോഡ് തകർന്നനിലയിൽ.. റോഡിലൂടെ യാത്ര ദുഷ്‌കരം , നാട്ടുകാർ പ്രതിഷേധത്തിൽ..
കാഞ്ഞിരപ്പള്ളി: പൊടിമറ്റം-പൊന്മല-ആനക്കല്ല് റോഡ് ഗതാഗതയോഗ്യമല്ലാതായി. റോഡിലെ ടാറിങ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടനിലയിലാണ്. ഈരാറ്റുപേട്ട ഭാഗത്തുനിന്ന് കാഞ്ഞിരപ്പള്ളി ടൗണിലെ ഗാതഗതക്കുരുക്ക് ഒഴിവാക്കി ദേശീയപാതയിൽ പ്രവേശിക്കാൻ ബൈപ്പാസായും ഉപയോഗിക്കാവുന്ന രീതിയിലാണ് റോഡ് നിർമിച്ചത്. പാറത്തോട് പഞ്ചായത്തിലെ 16-ാം വാർഡിലൂടെയാണ് റോഡ് കടന്നുപോകുന്നത്. പൊന്മല ഭാഗത്തെ നൂറിലധികം കുടുംബങ്ങളും ഉപയോഗിക്കുന്ന റോഡ് കൂടിയാണിത്. പുതിയ പഞ്ചായത്ത് ഭരണസമിതിയെത്തിയതോടെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ റോഡിലെ കുഴികൾ മണ്ണിട്ട് നികത്തിയിരുന്നു. വാഹനങ്ങൾ കയറിയും മഴയിലും മണ്ണ് ഒലിച്ച് പോയി വീണ്ടും കുഴികളായനിലയിലാണ്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് റോഡിൽ യാതൊരു നവീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നില്ല. പഞ്ചായത്തിന് കീഴിലായിരുന്നു റോഡ്. ഇത് മറ്റ് പദ്ധതികൾക്കായി വിട്ടുകൊടുക്കുന്നതിനും പഞ്ചായത്തിൽനിന്ന് ഫണ്ട് അനുവദിക്കുന്നതിനും നടപടി സ്വീകരിക്കാതിരുന്നതോടെയാണ് റോഡിന്റെ നില ശോചനീയമായത്. റോഡ് നവീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി വാർഡംഗം ബീനാ ജോസഫ് പറഞ്ഞു. പി.എം.ജി.എസ്.വൈ. പദ്ധതിയിലും നബാർഡിന്റെ പദ്ധതിയിലും റോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. വൈകാതെ റോഡ് നവീകരണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് വാർഡംഗം പറഞ്ഞു.