വീടിനു കതക് ഇടാൻ പ്ലാവ് മുറിച്ച വീട്ടമ്മയുടെ പേരിൽ വനം വകുപ്പ് കേസ്, വ്യാപക പ്രതിഷേധം…
കണമല ∙ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുമ്പോൾ നടപടി സ്വീകരിക്കുന്ന വനം വകുപ്പിനെതിരെ വ്യാപക പ്രതിഷേധം. സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കർഷക സംഘടനകൾ സമരത്തിന് ഒരുങ്ങുന്നു. കഴിഞ്ഞ മാസമാണ് പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കാൻ കർഷകർക്ക് അനുമതിയില്ലെന്ന ഉത്തരവ് സർക്കാർ പുറപ്പെടുവിക്കുന്നത്. ഇതോടെ മലയോര മേഖലയിലടക്കം കർഷകർക്ക് സ്വന്തം ആവശ്യങ്ങൾക്ക് പോലും മരങ്ങളൊന്നും മുറിക്കാൻ കഴിയാതെയായി. എവിടെയെങ്കിലും മരം മുറിച്ചതായി അറിഞ്ഞാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ഉടനെത്തി കേസ് എടുക്കുന്ന സമീപനമാണ് നിലവിലുള്ളതെന്ന് നാട്ടുകാർ പറയുന്നു.
സർക്കാർ ഉത്തരവിനെതിരെ ഭരണ–പ്രതിപക്ഷ നേതൃത്വം ഒരു പോലെ പ്രതിഷേധത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പരസ്യമായ പ്രതിഷേധത്തിനു തൽക്കാലം ഇല്ലെന്നുള്ള തീരുമാനത്തിലാണ് ഭരണപക്ഷ അനുകൂല സംഘടനകൾ.1950 നു മുൻപ് കുടിയേറിയവരാണു കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, പമ്പാവാലി, കണമല മലയോര മേഖലയിലെ കർഷകർ. കൃഷി സ്ഥലത്തെ നിലവിലുള്ള ബഹുഭൂരിപക്ഷം വൃക്ഷങ്ങളും സ്ഥലം ഉടമകൾ തന്നെ നട്ടു വളർത്തിയതാണ്. തേക്ക്, ആഞ്ഞിലി, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളാണ് പ്രധാനമായും കൃഷിയിടങ്ങളിൽ ഉള്ളത്. വിവിധ ലക്ഷ്യത്തോടെയാണ് ഇവ നട്ടു വളർത്തിയതെന്ന് കർഷകർ പറയുന്നു.
ഉത്തരവ് ഇറങ്ങിയതിനു പിന്നാലെ ഒട്ടേറെ സ്ഥലങ്ങളിൽ ഇതിനോടകം വനം വകുപ്പ് കേസ് എടുത്ത് കഴിഞ്ഞു. അടച്ചുറപ്പില്ലാത്ത വീടിനു കതക് ഇടാൻ പ്ലാവ് മുറിച്ച വീട്ടമ്മയുടെ പേരിൽ വനം വകുപ്പ് കേസ് എടുത്തത് വിവാദമായിരുന്നു.ഉത്തരവ് നിലനിൽക്കുന്നതിനാൽ മരം മുറിച്ചാൽ കേസ് എടുക്കാതെ നിർവാഹമില്ലെന്നു വനം വകുപ്പിന്റെ പക്ഷം. പലയിടത്തും കർഷകരും, വനപാലകരും ഏറ്റുമുട്ടുന്ന സാഹചര്യമാണ് ഈ ഉത്തരവിലൂടെ ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഉത്തരവ് കഴിഞ്ഞ മാസം
കഴിഞ്ഞ മാസമാണ് പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കാൻ കർഷകർക്ക് അനുമതിയില്ലെന്ന ഉത്തരവ് സർക്കാർ പുറപ്പെടുവിക്കുന്നത്. ഇതോടെ മലയോര മേഖലയിലടക്കം കർഷകർക്ക് സ്വന്തം ആവശ്യങ്ങൾക്ക് പോലും മരങ്ങളൊന്നും മുറിക്കാൻ കഴിയാതെയായി