ബി.ഡി.ജെ.എസ്‌. സ്ഥാനാർഥിയായി , പൂഞ്ഞാറിൽ ഇത്തവണയും ചതുഷ്‌കോണമത്സരം

കാഞ്ഞിരപ്പള്ളി : ബി.ഡി.ജെ.എസ്‌. സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ പൂഞ്ഞാർ മണ്ഡലത്തിൽ ജനപക്ഷം സ്ഥാനാർഥി പി.സി.ജോർജിന്‌ എൻ.ഡി.എ.യുടെ പിന്തുണയില്ലെന്ന്‌ ഉറപ്പായി. ഇതോടെ ചതുഷ്‌കോണമത്സരത്തിനാണ്‌ പൂഞ്ഞാർ ഒരുങ്ങുന്നത്‌. 2016-ലും സമാനമായ രീതിയിലായിരുന്നു മത്സരം. കഴിഞ്ഞ തവണ മത്സരിച്ച എം.ആർ.ഉല്ലാസിനെയാണ്‌ ബി.ഡി.ജെ.എസ്‌. ഇത്തവണയും രംഗത്തിറക്കുന്നത്‌.

പൂഞ്ഞാർ നിയോജക മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥിയായി രണ്ടാം തവണയാണ് എം.ആർ. ഉല്ലാസ് ജനവിധി തേടുന്നത് . 2016-ൽ പൂഞ്ഞാറിൽ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ബി.ഡി.ജെ.എസ്. പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്, ബി.ഡി.വൈ.എസ്. കോട്ടയം ജില്ലാ പ്രസിഡന്റ്, എസ്.എൻ.ഡി.പി. യോഗം 108 നമ്പർ പൂഞ്ഞാർ ശാഖാ പ്രസിഡന്റ്, എസ്.എൻ.ഡി.പി. യോഗം എരുമേലി യൂണിയൻ ചെയർമാൻ, എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം എന്നീനിലകളിൽ പ്രവർത്തിച്ചുവരുന്നു. കോളേജ് വിദ്യാഭ്യാസകാലത്ത് രണ്ടുതവണ എം.ജി. സർവകലാശാല യൂണിയൻ കൗൺസിലർ ആയിട്ടുണ്ട്. പൂഞ്ഞാർ തെക്കേക്കര മതിയത്ത് പരേതനായ എം.കെ. രാഘവൻ, രത്‌നമ്മ രാഘവൻ ദമ്പതിമാരുടെ മകനാണ്. ഭാര്യ: സൗമ്യ കോരൂത്തോട് സി.കെ.എം. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക. മക്കൾ: ശിവനന്ദ് ഉല്ലാസ്, ഹരിനന്ദ് ഉല്ലാസ്.

error: Content is protected !!