പൊൻകുന്നം-പുനലൂർ ഹൈവേ: പാറക്കടവിൽ റോഡിന് വീതികുറയും
പൊൻകുന്നം : പൊൻകുന്നം-പുനലൂർ ഹൈവേ നിർമാണത്തിന് പുറമ്പോക്കായി നിർണയിച്ച് റോഡിന്റെ ഭാഗമാക്കാനുദ്ദേശിച്ച 150 മീറ്റർ ഭാഗം വ്യക്തിയുടെ പേരിലുള്ള ഭൂമിയെന്ന് കേസായതോടെ ചിറക്കടവ് പാറക്കടവ് മേഖലയിൽ റോഡ് വികസനം അനിശ്ചിതത്വത്തിൽ. അക്വയർ ചെയ്ത ഭൂമിയെന്നനിലയിൽ അതിനുള്ളിലൂടെ നിർമിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്ന കരാർ കമ്പനി. എന്നാൽ ഇത് പുറമ്പോക്കല്ലെന്ന് കോടതി വിധിയുണ്ടായതിനാൽ നിർമാണം നടക്കില്ല. കെ.എസ്.ടി.പി.യിൽനിന്ന് വ്യക്തത ലഭിക്കാത്തതിനാൽ ആ ഭാഗത്തെ ഓട നിർമാണം ഒഴിവാക്കി.
ആദ്യഘട്ടം ടാറിങ് പൂർത്തിയാക്കിയ മേഖലയിലെ ഓട നിർമാണം തത്കാലം നിർത്തിവെച്ചിരിക്കുകയാണ്. നേരത്തേ അളന്ന് തിട്ടപ്പെടുത്തി കല്ലിട്ട ഭൂമി ഇപ്പോൾ റോഡ് വികസനത്തിന് ഉപയോഗിക്കാനാവില്ല. ഇനി ആദ്യ രൂപരേഖയനുസരിച്ച് റോഡ് നിർമിക്കണമെങ്കിൽ ഈ സ്ഥലം നഷ്ടപരിഹാരം നൽകി ഏറ്റെടുക്കേണ്ടിവരും.
നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയ റോഡിനായി ഇനി കെ.എസ്.ടി.പി.സ്ഥലമേറ്റെടുക്കണമെങ്കിൽ സർക്കാർ തലത്തിൽ തീരുമാനം വേണ്ടിവരും. അതിനാൽ വ്യക്തമായ മറുപടി ലഭിക്കാത്തതിനാൽ ഇവിടെ ഓട നിർമിക്കാതെ മറ്റ് പണികൾ തീർക്കാനാണ് കരാർ കമ്പനിയുടെ തീരുമാനം. നിലവിൽ ഈ ഭൂമിയുടെ അതിരുവരെ റോഡിന്റെ അളവിൽ ടാറിങ്ങായി.
ടാറിങ് കഴിഞ്ഞുള്ള അരിക്സ്ഥലം, ഓട എന്നിവയ്ക്ക് ഇവിടെ സ്ഥലമില്ല. കൊടുംവളവ് തിരിഞ്ഞെത്തുന്ന മേഖലയിൽ റോഡ് ഇടുങ്ങിയതോടെ അപകടങ്ങൾക്ക് ഇടയാക്കാൻ സാധ്യതയേറെയാണ്.