വിധിയെഴുതി; കാഞ്ഞിരപ്പള്ളിയിൽ 72.12 %, പൂഞ്ഞാറിൽ 72.47 %; ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ
കാഞ്ഞിരപ്പള്ളി: നിയമസഭ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ 72.12 ശതമാനവും പൂഞ്ഞാറിൽ 72.47 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
രാവിലെമുതൽ ബൂത്തുകളിൽ തിരക്ക് അനുഭവപ്പെട്ടു. നേരത്തേതന്നെ വോട്ട് ചെയ്ത് മടങ്ങാനാണ് വോട്ടർമാർ താത്പര്യപ്പെട്ടത്. കോവിഡ് പശ്ചാത്തലത്തിൽ സാനിറ്റൈസർ നൽകി സാമൂഹിക അകലം പാലിച്ചാണ് വോട്ടർമാരെ അകത്തേക്ക് കയറ്റി വിട്ടത്.
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ രാവിലെ 9.30ന് 16.30 ശതമാനവും ഉച്ചയ്ക്ക് 12ന് 39.01 ശതമാനവും വൈകുന്നേരം 4.30ന് 63.18 ശതമാനവും പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ രാവിലെ 9.30ന് 14.72 ശതമാനവും ഉച്ചയ്ക്ക് 12ന് 36.94 ശതമാനവും വൈകുന്നേരം 4.30ന് 61.87 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി.
ഉച്ചയോടെ മിക്ക ബൂത്തുകളിലും ആളുകളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടു. വൈകുന്നേരമെത്തിയ മഴ പോളിംഗ് ശതമാനത്തെ ബാധിക്കുമോയെന്ന് മുന്നണികളിൽ ആശങ്കയുയർത്തിയെങ്കിലും പെട്ടെന്ന് പെയ്തുമാറിയത് ആശ്വാസമായി. കോവിഡ് പശ്ചാത്തലത്തിൽ പ്രായമായവർക്കും രോഗികൾക്കും വോട്ട് ചെയ്യാൻ ദിവസങ്ങൾക്കു മുമ്പുതന്നെ അവസരം ഒരുക്കിയിരുന്നതിനാൽ പോളിംഗ് സ്റ്റേഷനുകളിൽ ഇവരുടെ സാന്നിധ്യം കുറവായിരുന്നു.
ഒറ്റപ്പെട്ട തർക്കങ്ങൾ ഉണ്ടായതല്ലാതെ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. എരുമേലി കുറുവാമൂഴി കൊരട്ടി സെന്റ് മേരീസ് സ്കൂളിലെ 47ാം നമ്പർ ബൂത്തിന് സമീപം സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായി. ബൂത്തിന് സമീപം പ്രവർത്തകർ നിന്നത് ചോദ്യം ചെയ്തതാണ് തർക്കത്തിന് വഴിവച്ചത്. പോലീസെത്തി പ്രവർത്തകരെ പിരിച്ചുവിട്ടു. ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയത് വോട്ടർമാരുടെ നീണ്ട നിരയ്ക്ക് കാരണമായി.
പ്രമുഖർ വോട്ടു രേഖപ്പെടുത്തി
കാഞ്ഞിരപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ രാവിലെ 7.55 നും മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ രാവിലെ 7.40നും കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിലെ 27ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികളായ ഡോ.എൻ. ജയരാജ് ചന്പക്കര ഗവൺമെന്റ് എൽപി സ്കൂളിലെ 102ാം നന്പർ ബൂത്തിലും അൽഫോൻസ് കണ്ണന്താനം മണിമല സെന്റ് ജോർജ് സ്കൂളിലെ 164 ാം നന്പർ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. ജോസഫ് വാഴയ്ക്കൻ മൂവാറ്റുപുഴ നിർമല ജൂനിയർ സ്കൂളിലെ 50ാം നന്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാഴൂർ കൊച്ചുകാഞ്ഞിരപ്പാറ എസ്വി ഗവൺമെന്റ് എല്പി സ്കൂളിലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ. തോമസ് കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലും വോട്ട് രേഖപ്പെടുത്തി.
പൂഞ്ഞാർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിലെ 41ാം നന്പർ ബൂത്തിൽ കുടുംബസമേതമെത്തി വോട്ടുരേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാർഥി ടോമി കല്ലാനി കോട്ടയം വടവാതൂർ ഗവൺമെന്റ് സ്കൂളിലും ജനപക്ഷം സ്ഥാനാർഥി പി.സി. ജോർജ് കുടുംബാംഗങ്ങളോടൊപ്പം ഈരാറ്റുപേട്ട ഗവ. എച്ച്എസ്എസിൽ വോട്ടു ചെയ്തു.