‘ആനയ്ക്കെതിരേ തേനീച്ച’ : നാട്ടിലിറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കുവാൻ തേനീച്ച തന്ത്രം പദ്ധതി കേരളത്തിലും
ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്ന കാട്ടാനകളെ ഇനി തേനീച്ചകൾ തുരത്തും. ഖാദി ഗ്രാമവ്യവസായ കമ്മിഷൻ പൈലറ്റ് അടിസ്ഥാനത്തിൽ തുടങ്ങിയ ‘ആനയ്ക്കെതിരേ തേനീച്ച’ പദ്ധതി കേരളമടക്കം ഏഴു സംസ്ഥാനങ്ങളിൽ ഉടനെ നടപ്പാക്കും.
ആനകളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞമാസം കുടകിൽ പരീക്ഷിച്ച പദ്ധതി കേരളം, തമിഴ്‌നാട്, ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ചെലവുകുറഞ്ഞ നൂതനമായ ഈ രീതി വലിയ ജയമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനവാസകേന്ദ്രങ്ങളുടെ അതിർത്തിയിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചാണ് ആനയെ അകറ്റുന്നത്.
നാഗർഹോലെ വന്യമൃഗസങ്കേതത്തിന്റെ അതിർത്തിയിൽ നാലിടങ്ങളിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചാണ് പരീക്ഷണപദ്ധതി പരീക്ഷിച്ചത്. തേനീച്ചകളുടെ മൂളൽ ആനകളെ പിന്തിരിപ്പിക്കുന്നതായിട്ടാണ് ഒരുമാസത്തിനിടയിൽ കണ്ടത്. തേനീച്ചകൾ കണ്ണിലും തുമ്പിക്കൈയുടെ ഉൾഭാഗത്തും കുത്തുമെന്ന ഭയവും ആനകൾക്കുണ്ട്. തേനീച്ചക്കൂടുകൾ സ്ഥാപിച്ച പ്രദേശങ്ങളിലൊന്നും ആനകൾ കൃഷി നശിപ്പിച്ചില്ല.
ഈ പദ്ധതി ആദിവാസി മേഖലകളിലും മറ്റിടങ്ങളിലും നടപ്പാക്കുകയാണെങ്കിൽ ജനങ്ങളുടെ ജീവനും കൃഷിയും സംരക്ഷിക്കാനാവുമെന്ന് ഖാദി ഗ്രാമവ്യവസായ കമ്മിഷൻ അധ്യക്ഷൻ വിനയ് കുമാർ സക്‌സേന പറഞ്ഞു.