കോവിഡ് പോസിറ്റീവ് ആയവർ വീട്ടിൽ കഴിയുമ്പോൾ എന്തൊക്കെ ചെയ്യണം, ആശുപത്രിയിലേക്ക് എപ്പോൾ പോകണം?

കാറ്റഗറി എ വിഭാഗത്തിൽപെടുന്ന രോ​ഗികളെയാണ് നിലവിൽ വീട്ടിൽ ചികിത്സയ്ക്ക് അനുവദിക്കുന്നത്. കാറ്റഗറി എ എന്നാൽ ലക്ഷണങ്ങൾ ഇല്ലാത്തവരും അതുപോലെ വളരെ ചെറിയ ലക്ഷണങ്ങൾ ഉള്ളവരുമാണ്.
ഇവർക്ക് മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരിക്കരുത്.

വീട്ടിൽ ഐസലേഷൻ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

ആരുമായും സമ്പർക്കം പുലർത്താതെ ഐസലേഷനിൽ കഴിയണമെങ്കിൽ വീട്ടിൽ ഒരു റൂം ഈ രോഗിക്ക് മാത്രമായി ഉണ്ടായിരിക്കേണ്ടതാണ്. ഇതിനോട് അടുപ്പിച്ച് ബാത്‌റൂമും ഉണ്ടായിരിക്കണം. 

കോവിഡ് പോസിറ്റീവായി കഴിയുന്ന രോഗികൾ ഉള്ള മുറിയിലേക്ക് മറ്റുള്ളവർ പോകാൻ പാടില്ല.
അഥവാ ഇനി പോകേണ്ട ഒരു അവസ്ഥ വന്നാൽ മാസ്കും ഗ്ലൗസും കൃത്യമായി ധരിച്ച ശേഷം മാത്രമേ അവിടേക്ക് പ്രവേശിക്കാവൂ. തുടർന്ന്  ചുരുങ്ങിയ സമയം മാത്രമേ ആ മുറിയിൽ ചിലവഴിക്കാൻ പാടുള്ളൂ. ഭക്ഷണം, വെള്ളം എന്നിവ മുറിയുടെ പുറത്ത് വെച്ച് അവ കൊണ്ടുവന്ന വ്യക്തി പോയശേഷം രോഗി സ്വയം എടുക്കുന്നതാണ് നല്ലത്. 

കോവിഡ് പോസിറ്റീവായി വീട്ടിൽ കഴിയുന്ന രോഗികൾ എന്തൊക്കെ ചെയ്യണം?

(1) ശരീര താപനില അളക്കുന്ന ഒരു തെർമോമീറ്റർ വാങ്ങുക. ദിവസവും നാലു നേരമെങ്കിലും താപനില നോക്കണം. പനിയുണ്ടെങ്കിൽ പാരസെറ്റമോൾ ഗുളിക കഴിക്കണം. ഒരു ദിവസം 650 എം.ജിയുടെ നാലു ഗുളികകൾ വരെ കഴിക്കാവുന്നതാണ്. ആറു മണിക്കൂർ ഇടവിട്ടാണ് ഇവ കഴിക്കേണ്ടത്. ശരീര വേദനയ്ക്കും ഇതേ മരുന്ന് ഉപയോഗിക്കാവുന്നതാണ്.

(2) പൾസ് ഓക്സിമീറ്റർ കയ്യിൽ കരുതണം. ഇതുപയോ​ഗിച്ച്  ശരീരത്തിലെ ഓക്സിജൻ നില നിരീക്ഷിക്കണം. ഇത് ദിവസവും മൂന്നോ നാലോ തവണ ചെയ്യണം. പൾസ് ഓക്സിമീറ്റർ ഉപയോ​ഗിച്ച് ഓക്സിജൻ നില അളക്കുമ്പോൾ സാധാരണ അസുഖമില്ലാത്ത ഒരാൾക്ക് 94 ന് മുകളിൽ ആണ് കാണുക. അതിനാൽ ഇത് ടെസ്റ്റ് ചെയ്തു 
ഓക്സിജൻ നില 94 ന് മുകളിൽ ആണെന്ന് ഉറപ്പുവരുത്തുക.

(3) അമിതമായ ശ്വാസതടസ്സം അനുഭവപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുക. ശ്വാസതടസം അനുഭവപ്പെട്ടാൽ ഉടനെ പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് ഓക്സിജൻ നില പരിശോധിക്കേണ്ടതാണ്.

(4)ഓക്സിജൻ നില 94 ന് മുകളിൽ ആണെങ്കിലും ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കിൽ  ആറ്മിനിറ്റ് മുറിയുടെ ഉള്ളിൽ നടന്നശേഷം വീണ്ടും നോക്കുക. അപ്പോഴും 94 ന് മുകളിലാണെങ്കിൽ പേടിക്കേണ്ട ആവശ്യമില്ല.

(5)ഹൃദയമിടിപ്പ് നോക്കണം. പൾസ് ഓക്സിമീറ്ററിൽ ഇത് എഴുതി കാണിക്കുന്നതാണ്. പനിയുള്ള സമയത്ത് ഹൃദയമിടിപ്പ് 90 മുതൽ 100 വരെ ആവാൻ സാധ്യതയുണ്ട്. അല്ലാത്ത സമയത്ത് ഇത് 70 മുതൽ 90 ഇടയിൽ സാധാരണയായി കാണപ്പെടുന്നു.

പൾസ് ഓക്സിമീറ്റർ ഉപയോ​ഗിക്കുന്ന വിധം

  • ഉപകരണത്തിൽ ബാറ്ററി കൃത്യമായി ഉറപ്പിക്കുക. 
  • ഉപകരണത്തിന്റെ സ്വിച്ച് ഓൺ ചെയ്യുക.
  • ഉപകരണത്തിന്റെ ക്ലിപ്പിൽ അമർത്തുക.
  • നടുവിരലിൽ ഉപകരണം പിടിപ്പിക്കുക. 
  • ഉപകരണത്തിന്റെ സ്ക്രീനിൽ ദൃശ്യമാകുന്ന റീഡിങ് രേഖപ്പെടുത്തിവെക്കുക. ഇതിൽ SpO2% എന്നതിൽ കാണിക്കുന്നതാണ് രക്തത്തിലെ ഓക്സിജൻനില. PRbpm എന്നുള്ളതാണ് ഹൃദയമിടിപ്പ് (പൾസ് നിരക്ക്). 

കോവിഡ് 19 രോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണ്?

1)ദിവസവും രണ്ടര മുതൽ മൂന്നു ലിറ്റർ വരെ വെള്ളം കുടിക്കണം. ഇതിൽ ജൂസ്, ഇളനീർ എല്ലാം ഉൾപ്പെടുത്താവുന്നതാണ്.
2)സമീകൃത ആഹാരമാണ് ഇവർ കഴിക്കേണ്ടത്.
3)പഴങ്ങൾ, പച്ചക്കറികൾ എന്നിവ കൂടുതൽ കഴിക്കുക
4)നാരുകൾ കൂടുതലുള്ള ഗോതമ്പ് ഓട്സ് എന്നിവ കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കുക. അരി കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാവുന്നതാണ്.
5)എണ്ണ, കൊഴുപ്പ് എന്നിവ കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്
6)ബേക്കറിയിൽ നിന്ന് വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം.

വീട്ടിൽ കഴിയുന്ന രോഗികൾ എന്തൊക്കെ രോഗലക്ഷണങ്ങൾ കാണുമ്പോഴാണ് ആശുപത്രിയിലേക്ക് വരേണ്ടത്?

1)ശരീരത്തിലെ ഓക്സിജന്റെ അളവ് പൾസ് ഓക്സിമീറ്ററിൽ 94 ന് താഴെയാണെങ്കിൽ.
2)അമിതമായി ആയ കിതപ്പ്, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ.
3)ഹൃദയമിടിപ്പ് എല്ലാ സമയവും 120 ന് മുകളിലാണെങ്കിൽ.
4)പാരസെറ്റമോൾ ഗുളിക കഴിച്ചിട്ടും വളരെ ശക്തിയായ പനിയുണ്ടെങ്കിൽ.
5)തലകറക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ.
6)വീട്ടിൽ പ്രഷർ നോക്കാനുള്ള ഉള്ള ഉണ്ടെങ്കിൽ അതുപയോ​ഗിച്ച്  നോക്കുമ്പോൾ 90/60 mm Hg ക്ക് താഴെയാണെങ്കിൽ.
7)അമിതമായ നെഞ്ചുവേദന, ശരീരത്തിന്റെ ഒരു ഭാഗത്തിന് ശേഷിയില്ലായ്മ, സഹിക്കാൻ പറ്റാത്ത തലവേദന എന്നിവ ഉണ്ടെങ്കിൽ.

മേൽപ്പറഞ്ഞ എന്തെങ്കിലും ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ആശുപത്രിയിൽ എത്തേണ്ടതാണ്. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് ആശുപത്രിയിലേക്ക് ഒന്നു വിളിച്ച് പറയുന്നത് വളരെ നല്ലതാണ്. കാരണം സാധാരണ രോഗികളുള്ള കാഷ്വാലിറ്റിയിൽ നേരിട്ട് പോകരുത്. എല്ലാ ആശുപത്രിയിലും കോവിഡ് രോഗികളെ പരിശോധിക്കാനുള്ള പ്രത്യേക സ്ഥലം ഉണ്ട്. അവിടെ ആണ് എത്തേണ്ടത്.

error: Content is protected !!