വീടിനെ ഹരിതസ്വർഗ്ഗമാക്കിയ മോഹൻലാലിന്റെ വിഡിയോ വൈറലായി, ഛായാഗ്രഹണം പ്രമോദ് പിള്ള ഫ്രം കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി : മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന മെഗാഹിറ്റ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ച കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ പ്രസിദ്ധ ക്യാമറമാൻ പ്രമോദ് പിള്ള, വീണ്ടും മോഹൻലാലിനൊപ്പം ചേർന്നപ്പോൾ മറ്റൊരു ഹിറ്റുണ്ടായി .
ലോക്ക്ഡൗൺ സമയത്ത് കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടതിന് വേണ്ടി, മോഹൻലാൽ സ്വയം സംവിധാനം ചെയ്ത് അഭിനയിച്ച അദ്ദേഹത്തിന്റെ സ്വന്തം കൃഷിത്തോട്ടത്തിൽ ചിത്രീകരിച്ച വീഡിയോയുടെ ഛായാഗ്രഹണം നിർവഹിച്ചത് കാഞ്ഞിരപ്പള്ളി ആനക്കല്ല് പൊന്മല സ്വദേശി പ്രമോദ് പിള്ളയാണ് . മോഹൻലാലിനു വേണ്ടി ഇത് നാലാം തവണയാണ് പ്രമോദ് ക്യാമറ ചലിപ്പിക്കുന്നത്. മോഹൻലാൽ പാചകത്തെപ്പറ്റി ചെയ്ത വൈറലായ മറ്റൊരു വീഡിയോയുടെ ചിത്രീകരണവും പ്രമോദ് പിള്ളയാണ് നിർവഹിച്ചിരുന്നത് . പ്രിയദർശൻ ഉൾപ്പെടെ സിനിമയിലെ നിരവധി പ്രമുഖർ പ്രമോദിന്റെ ആ മനോഹരമായ ക്യാമറ വർക്കിനെ അനുമോദിച്ചിരുന്നു
കേരള പോലീസിന് വേണ്ടി ലോക്ക്ഡൗൺ സമയത്ത് നിരവധി ഹ്രസ്വചിത്രങ്ങൾക്കു കാമറ വർക്ക് ചെയ്തിരുന്നു. പ്രസിദ്ധ ക്രിക്കറ്റ് താരം സഞ്ജു സാംസൺ അഭിനയിച്ച പുതിയ പരസ്യ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചതും പ്രമോദ് പിള്ളയാണ്.
ലോക്ഡൗൺ കാലത്ത് എല്ലാവരും വീടിന്റെ സുരക്ഷിതത്വത്തിലേക്ക് ഒതുങ്ങിയപ്പോൾ സമയം എങ്ങനെ ക്രിയാത്മകമായി ചെലവഴിക്കാം എന്നതിന് മികച്ച മാതൃക കാട്ടിത്തരികയാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ തന്റെ പുതിയ വീഡിയോയിലൂടെ . അദ്ദേഹത്തിന്റെ എറണാകുളം എളമക്കരയിലുള്ള വീട്ടിൽ നല്ലൊരു കൃഷിത്തോട്ടമുണ്ട് . അവിടെവച്ചാണ് വീഡിയോ ചിത്രീകരിച്ചത് .
കഴിഞ്ഞ നാലഞ്ചു വർഷമായി വീട്ടിലേക്ക് അവശ്യം വേണ്ട പച്ചക്കറികൾ ഇവിടെത്തന്നെ ഉൽപാദിപ്പിക്കാൻ കഴിയുന്നു എന്ന് മോഹൻലാൽ പറയുന്നു. പാവയ്ക്ക,തക്കാളി , വെണ്ടയ്ക്ക, പയർ, പച്ചമുളക്, വഴുതനങ്ങ തുടങ്ങി അടുക്കളയിലേക്ക് ആവശ്യമുള്ള പച്ചക്കറികളെല്ലാം ഇവിടെ കൃഷിചെയ്യുന്നു. സ്ഥലമില്ലാത്തവർക്കും വീടിന്റെ ടെറസിൽ ഗ്രോ ബാഗുകളിൽ കൃഷി ചെയ്യാം എന്നദ്ദേഹം ഓർമിപ്പിക്കുന്നു.
ഓരോ വീടുകളും സ്വയംപര്യാപ്തമാകുന്നതിലൂടെ ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിയും എന്ന സന്ദേശമാണ് മോഹൻലാൽ ഈ വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്