കിണറ്റിൽ വീണ പൂച്ചക്കുഞ്ഞുങ്ങൾക്ക് രക്ഷകനായി പൊതുപ്രവർത്തകനായ പാൽക്കുളത്തിൽ രഞ്ജിത്ത്

മുണ്ടക്കയം: ജീവനായി കേഴുന്നത് മനുഷ്യനായാലും മൃഗമായാലും രക്ഷാപ്രവർത്തനത്തിലൂടെ രക്ഷിക്കുന്നതാണ് യഥാർഥ മനുഷ്യധർമമെന്നാണ് പൊതുപ്രവർത്തകനായ പാൽക്കുളത്തിൽ രഞ്ജിത്തിന്റെ പക്ഷം. ഇദ്ദേഹത്തിന്റെ അവസരോചിതമായ ഇടപെടൽ മൂലം ജീവൻ തിരികെ കിട്ടിയത് രണ്ടു പൂച്ചക്കുഞ്ഞുങ്ങൾക്കാണ്.

വണ്ടൻപതാൽ ഐ.പി.സി.പള്ളിമുറ്റത്തെ കിണറ്റിൽ നാലുദിവസം മുമ്പാണ് രണ്ട് പൂച്ചക്കുഞ്ഞുങ്ങൾ വീണത്. വിവരം പള്ളിക്കാരോ സമീപവാസികളോ അറിഞ്ഞിരുന്നില്ല. സമീപത്തെ താമസക്കാരനായ രഞ്ജിത്ത് പൂച്ചയുടെ കരച്ചിൽകേട്ട് കിണറ്റിലേക്ക്‌ നോക്കിയപ്പോഴാണ് രണ്ട് പൂച്ചക്കുഞ്ഞുങ്ങൾ കിണറിന്റെ ഉൾവശത്തെ ഭിത്തിയുടെ കല്ലിൽ ഇരിക്കുന്നതു കണ്ടത്. 

രഞ്ജിത്ത് വീട്ടിൽനിന്നും കുട്ടയും കയറുമായി എത്തി. കിണറിനുള്ളിലേക്ക് കുട്ട ഇട്ട്കൊടുത്തുവെങ്കിലും പൂച്ചകൾ കയറിയില്ല. കിണറിനുള്ളിൽ ഇറങ്ങാൻ ആളെ അന്വേഷിച്ചുവെങ്കിലും കിട്ടിയില്ല. 

ഇതിനിടെ കാത്തിരപ്പള്ളി അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. എങ്കിലും ഉദ്യോഗസ്ഥർ കോവിഡ് ബാധിച്ച് ചികിത്സയിലായതിനാൽ സഹായം ലഭിച്ചില്ല. 

അവസാനവട്ട ശ്രമമെന്ന നിലയിൽ വിവരം ഫെയ്‌സ്‌ ബുക്കിൽ കുറിച്ചു. ഇതോടെ ആപദ്‌മിത്ര അംഗങ്ങൾ നിസാർ, നിഷാദ്, അനീഷ്, അഖിലേഷ് ബാബു എന്നിവർ ഞായറാഴ്ച സ്ഥലത്തെത്തി വടംകെട്ടി കിണറിലിറങ്ങി പൂച്ചക്കുഞ്ഞുങ്ങളെ കരയ്ക്ക് എത്തിച്ചു. 35 അടി താഴ്ചയുള്ള കിണറ്റിൽ അഞ്ച് അടിയോളം വെള്ളം ഉണ്ടായിരുന്നു. 

ഇതിന് മുകളിലെ കല്ലിലായിരുന്നു പൂച്ചക്കുഞ്ഞുങ്ങൾ. രക്ഷാപ്രവർത്തകരിൽ രണ്ടുപേർ റമദാൻ വ്രതത്തിന്റെ ക്ഷീണം വകവെയ്ക്കാതെയാണ് കിണറ്റിലിറങ്ങിയത്. രഞ്ജിത് സി.പി.എം. വണ്ടൻപതാൽ ബ്രാഞ്ച് അംഗമാണ്.© 2019 All Rights Reserved. Powered by Summit

error: Content is protected !!