കരുതലാകാം മനക്കരുത്തോടെ നിൽക്കാം
കോവിഡ് രണ്ടാം തരംഗത്തിൽ നാടാകെ പേടിയിലാണ്. പേടിയല്ല, കരുതലും ജാഗ്രതയുമാണ് വേണ്ടതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ഇക്കാലത്ത് എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടതെന്ന് വിദഗ്ധ ഡോക്ടർമാർ പറയുന്നത് ജനങ്ങൾക്ക് ആശ്വാസമാണ്. ജനങ്ങളുടെ ചില സംശയങ്ങൾക്ക് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ.പി.ജേക്കബ് ജോർജ് മറുപടി പറയുന്നു. മെഡിസിറ്റിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം സീനിയർ കൺസൾട്ടന്റാണ് അദ്ദേഹം.
കോവിഡ് രോഗലക്ഷണം മാറിയെന്ന് പറയുന്നു? മാറ്റങ്ങൾ എന്തൊക്കെ?
മുമ്പ്് പനി, ശരീരവേദന, മണം, രുചിയില്ലായ്മ എന്നിവയായിരുന്നു ലക്ഷണങ്ങൾ. എന്നാൽ ഇപ്പോൾ ചെറിയ ജലദോഷത്തിന്റെ രൂപത്തിലാണ് ലക്ഷണം കാണുന്നത്. വയറുവേദന, വയറിളക്കം എന്നിവയും പുതിയ ലക്ഷണങ്ങളിൽപ്പെടുന്നു. ഈ ലക്ഷണങ്ങൾ സാധാരണ പനിയുടേതായതിനാൽ ആർ.ടി.പി.സി.ആർ. പരിശോധനയിലൂടെയേ രോഗം ഉറപ്പിക്കാൻ കഴിയൂ.
രോഗകാലത്ത് എന്തൊക്കെ ആഹാരം കഴിക്കണം?
എല്ലാത്തരം ആഹാരവും. കൂടുതൽ വെള്ളം കുടിക്കുക.
ചൂടുവെള്ളം കുടിക്കുന്നത് ആശ്വാസകരമാണോ?
അത് വ്യക്തിതാത്പര്യംമാത്രം. ആശ്വാസം തോന്നുന്നുവെങ്കിൽ കുടിക്കാമെന്ന് മാത്രം. രോഗലക്ഷണം കുറയാൻ സഹായകമല്ല.
വിറ്റാമിൻ സി ഗുളികകൾ കഴിക്കണോ?
പ്രതിരോധശേഷിക്കായി നല്ല ആഹാരം കഴിക്കുന്നത് പോലെയാണ് വൈറ്റമിൻ സി ഗുളിക കഴിക്കുന്നതും. പ്രതിരോധശക്തിയുണ്ടാകും.
രോഗകാലത്ത് പാരസെറ്റമോൾ ഗുളിക കഴിക്കാമോ? ആന്റിബയോട്ടിക്ക് കഴിക്കാൻ പറ്റുമോ?
പാരസെറ്റമോൾ കഴിക്കുന്നത് ശരീരത്തിന്റെ അസ്വസ്ഥതകൾ കുറയ്ക്കാൻ നല്ലതാണ്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ആന്റിബയോട്ടിക്കുകൾ കഴിക്കുക.
ആശുപത്രിയിൽ പോകേണ്ട സാഹചര്യം എങ്ങനെ തിരിച്ചറിയാം?
കാൻസർ, ഹൃദ്രോഗം, പ്രമേഹം ഉള്ളവർ ആശുപത്രി സേവനം ഉറപ്പാക്കണം. വീട്ടിൽ ഇരിക്കുന്നവർ ഓക്‌സിജന്റെ അളവ് ശ്രദ്ധിക്കണം. ആറ് മിനിറ്റ് നടക്കുമ്പോൾ കിതപ്പ് തോന്നുന്നുവെങ്കിൽ ആശുപത്രി സേവനം തേടണം. ആദ്യത്തെ മൂന്ന് ദിവസം വലിയ കുഴപ്പങ്ങൾ കാണാത്തവരിൽ മെല്ലെ ലക്ഷണങ്ങൾ മാറി വരുക, ക്ഷീണം അധികരിക്കുക തുടങ്ങിയവ ലക്ഷണങ്ങളുണ്ടെങ്കിലും ആശുപത്രിയിൽ പോകണം.
കാലാവസ്ഥയിൽ വലിയ മാറ്റം വരുന്നുണ്ട്. സാധാരണ പനിയും കോവിഡും തമ്മിൽ എങ്ങനെ തിരിച്ചറിയാം?
തിരിച്ചറിയാൻ നിലവിൽ കോവിഡ് പരിശോധന മാത്രമേ വഴിയുള്ളൂ.
ലക്ഷണംകണ്ട് പരിശോധനയ്ക്ക് കൊടുത്ത് രണ്ടാം പക്കമാണ് ഫലം വരുന്നത്. അപ്പോൾ പോസിറ്റീവ്. അങ്ങനെ നോക്കുമ്പോൾ എപ്പോൾ മുതൽ അവർ രോഗികളാണ്?
പോസിറ്റീവ് ഫലം വരുമ്പോൾ സ്വിച്ചിട്ടതുപോലെ രോഗിയാകുന്നു എന്ന് കരുതാനാവില്ല. നെഗറ്റീവ് ഫലം വരുമ്പോൾ സ്വിച്ചിട്ടതുപോലെ രോഗം പോയെന്നും കരുതരുത്. രോഗം വന്ന്് 7, 8, 9 ദിവസങ്ങളിൽ പരിശോധിച്ചാലും നെഗറ്റീവ് ആയിരിക്കും. രോഗം പൂർണമായും പോയെന്ന് പറയാൻ കഴിയില്ല. കുറഞ്ഞത് 14 ദിവസത്തിന് ശേഷമേ രോഗം ഭേദമായെന്ന് ഉറപ്പിക്കാൻ കഴിയൂ. അപ്പോഴേ പുറത്തിറങ്ങാനും പാടുള്ളൂ.
രണ്ടാം ഡോസിന് മുമ്പായി രോഗം വന്നാൽ എന്തു ചെയ്യണം?
രോഗം വന്ന് ഒരു മാസം കഴിഞ്ഞ് രണ്ടാം ഡോസ് സ്വീകരിക്കാം. രോഗം വരാതിരിക്കുകയെന്നല്ല രോഗതീവ്രത കുറയ്ക്കാൻ വാക്സിൻ ഗുണകരമാണ്.
വാക്സിൻ ഡോസിന്റെ ഗുണം എന്ന് മുതൽ ആരംഭിക്കും?
രണ്ടാം ഡോസ് എടുത്ത് രണ്ടാഴ്ച മുതൽ രോഗപ്രതിരോധശക്തി ലഭിക്കും.
പോസിറ്റീവായ ആൾ മുറിയിൽ എന്തൊക്കെ കരുതണം?
പ്രാഥമിക ആവശ്യങ്ങൾക്കുള്ള എല്ലാം കരുതണം. വിനോദോപാധിക്കുള്ള അവസരവും ഉറപ്പിക്കുന്നത് നല്ലത്. പൾസ് ഒാക്സിമീറ്ററും കരുതാം.