രോഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികൾക്ക് ഹോം ഐസൊലേഷന് ശേഷം ഇനി പരിശോധന വേണ്ട
രോഗലക്ഷണങ്ങൾ ഇല്ലാത്തവരും ലഘുവായ ലക്ഷണങ്ങളുള്ളവരുമായ കോവിഡ് രോഗികളുടെ വീട്ടിലെ ഐസൊലേഷൻ സംബന്ധിച്ച പുതുക്കിയ മാർഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഇതുപ്രകാരം ഇത്തരം രോഗികൾക്ക് ലക്ഷണങ്ങൾ കാണിച്ച് കുറഞ്ഞത് പത്ത് ദിവസം കഴിഞ്ഞ്, തുടർച്ചയായ മൂന്നു ദിവസം പനിയൊന്നും ഇല്ലാത്തപക്ഷം ഹോം ഐസൊലേഷൻ അവസാനിപ്പിക്കാം. ഇവർക്ക് പിന്നീട് കോവിഡ് പരിശോധനയുടെ ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.
ഒരു കോവിഡ് രോഗി രോഗലക്ഷണങ്ങളില്ലാത്തയാളോ, ലഘുവായ ലക്ഷണങ്ങളുള്ളയാളോ എന്നത് ചികിത്സിക്കുന്ന മെഡിക്കൽ ഓഫീസർ തീരുമാനിക്കണമെന്നും മാർഗരേഖ ചൂണ്ടിക്കാണിക്കുന്നു. പരിശോധനയിൽ പോസിറ്റീവ് ആണെന്ന് തെളിഞ്ഞ, ലക്ഷണങ്ങളൊന്നും ഇല്ലാത്തതും, ഓക്സിജൻ തോത് 94 ശതമാനത്തിനു മുകളിൽ ഉള്ളതുമായ രോഗിയെ രോഗലക്ഷണമില്ലാത്ത കോവിഡ് രോഗിയായി(asymptomatic patient) കണക്കാക്കാം. ശ്വാസകോശ നാളിയിൽ പ്രശ്നങ്ങളുള്ളവരോ, പനിയുള്ളവരോ, ശ്വാസംമുട്ടൽ ഇല്ലാത്തവരോ, ഓക്സിജൻ തോത് 94 ശതമാനത്തിനു മുകളിലായതോ ആയ രോഗിയെ ലഘുവായ ലക്ഷണങ്ങളോടുകൂടിയ കോവിഡ് രോഗിയായി(mild patient)കണക്കാക്കാം.
ഈ രോഗികൾക്ക് 24 മണിക്കൂറും ഒരു പരിചാരകന്റെ സേവനം ആവശ്യമാണെന്നും പരിചാരകനും ആശുപത്രിയും തമ്മിലുള്ള ആശയവിനിമയം ഹോം ഐസൊലേഷൻ കാലയളവിൽ നിർബന്ധമാണെന്നും പുതുക്കിയ മാർഗരേഖ പറയുന്നു. 60 വയസ്സിന് മുകളിലുള്ളവരും രക്താതിസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ, കരൾ, വൃക്ക രോഗം തുടങ്ങിയ സഹ രോഗാവസ്ഥകൾ ഉള്ളവരുമായ കോവിഡ് രോഗികളെ മെഡിക്കൽ ഓഫീസർ പരിശോധിച്ചശേഷം മാത്രമേ ഹോം ഐസൊലേഷൻ അനുവദിക്കാവൂ എന്നും മാർഗരേഖ കൂട്ടിച്ചേർക്കുന്നു.