ഇന്നലെവരെ കപ്പ വിൽക്കാനുണ്ടെന്ന് ബോർഡ്; കപ്പയുണ്ട് ആർക്കു വേണമെങ്കിലും എടുക്കാമെന്ന് ഇന്ന്!
∙കപ്പ വിൽക്കാനുണ്ട് എന്നായിരുന്നു ഇന്നലെ വരെ ഇടറോഡുകളിലെ ബോർഡ്. കപ്പയുണ്ട് ആർക്കു വേണമെങ്കിലും എടുക്കാമെന്നാണ് പുതിയ ബോർഡ്. ലോക്ഡൗണിനു പിന്നാലെ ടൗട്ടെ ചുഴലിക്കാറ്റും എത്തി. ജില്ലയിലെ കപ്പകൃഷിയുടെ മൂടു പറിയുന്നു. വെള്ളപ്പൊക്കത്തിൽ കപ്പ നശിച്ചതിനു പുറമേ ലോക്ഡൗൺ വന്നതോടെ കപ്പ വിപണി തകർന്നു. ജില്ലയിലെ 590 ഹെക്ടറിലെ കപ്പക്കൃഷി വേനൽ മഴയിൽ നശിച്ചെന്നാണു കൃഷി വകുപ്പിന്റെ കണക്ക്.
644 കർഷകർക്ക് 76.61 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് അധികൃതർ പറയുന്നു. ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകളിൽ നിന്നു വർഷം 3 ടൺ ഉണക്കകപ്പ കയറ്റുമതി നടത്തുന്നുണ്ട്. ഇക്കുറി അത് ഇടിഞ്ഞു. കർഷകരുടെ വീടുകളിൽ ടൺ കണക്കിന് ഉണക്ക കപ്പ കെട്ടിക്കിടക്കുന്നു. കിലോയ്ക്ക് 125 രൂപ വരെ ലഭിച്ചിരുന്ന ഉണക്കു കപ്പയുടെ ഇപ്പോഴത്തെ വില 40 രൂപ. മഴ പെയ്യുന്നതിനാൽ കപ്പ പറിച്ച് വാട്ടി ഉണക്കി സംഭരിക്കാനും കഴിയാത്തതും പ്രതിസന്ധിയാണ്.
ഉൽപാദനം കൂടി, വില ഇടിഞ്ഞു
കഴിഞ്ഞ വർഷത്തെ ലോക്ഡൗണിൽ കൂടുതൽ പേർ കപ്പകൃഷി ചെയ്തു. അതോടെ വിളവു കൂടി. ലോക്ഡൗണിനു മുൻപു പച്ചക്കപ്പയ്ക്ക് കിലോയ്ക്ക് 30 രൂപ വില ഉണ്ടായിരുന്നു. ഉണക്കു കപ്പയ്ക്കു ശരാശരി 90 രൂപയും. ആറുമാസമായി പച്ചക്കപ്പ വില 16–20 വരെയും ഉണക്കുകപ്പ വില 40–60 രൂപ വരെയുമായി താഴ്ന്നു. അരീക്കര, ഉഴവൂർ പ്രദേശങ്ങളിൽ പച്ചക്കപ്പ കിലോയ്ക്ക് ഏഴു രൂപയ്ക്കു വരെ വിറ്റു.
ഹോട്ടലുകളും തട്ടുകടകളുമാണ് കപ്പയുടെ പ്രധാന വിപണി. ലോക് ഡൗണിൽ അവ അടച്ചു. കപ്പക്കൃഷിയിലൂടെ മികച്ച വരുമാനമാണു മുൻപു ലഭിച്ചിരുന്നത്. ഹോട്ടലുകളിലും തട്ടുകടകളിലും തട കപ്പ ഉപയോഗിച്ചുള്ള വിഭവങ്ങൾ വർധിച്ചു.
വേണ്ടത് തദ്ദേശീയ സഹായം
കർഷകരെ രക്ഷിക്കാൻ തദ്ദേശീയമായി നാട്ടുകാർ സഹകരിക്കണമെന്ന് കൃഷി ഭവൻ അധികൃതർ പറയുന്നു. കച്ചവടക്കാർ നാട്ടിൽ നിന്നു തന്നെ കപ്പ വാങ്ങി വിറ്റാൽ പ്രതിസന്ധി പരിഹരിക്കാമെന്നാണ് അനുമാനം. പച്ചക്കപ്പയ്ക്ക് വില കുറഞ്ഞതോടെ മേഖലയിൽ നൂറുകണക്കിനു ടൺ കപ്പ കൃഷിയിടങ്ങളിൽ വിളവെടുക്കാറായ നിലയിലുണ്ട്.
ഇവ ഉണക്കി സൂക്ഷിച്ചാൽ കർഷകർക്ക് ഒരു പരിധി വരെ നഷ്ടം നികത്താൻ കഴിയുമെന്നാണു ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എന്നാൽ ലോക്ഡൗൺ നിയന്ത്രണങ്ങളും മഴയും തുടരുമ്പോൾ ഇതിന്റെ പ്രായോഗികതയെപ്പറ്റി അധികൃതർക്ക് ഉത്തരമില്ല.
ഡ്രയർ യൂണിറ്റ് വിട്ടുനൽകും
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കൂട്ടിക്കൽ കാർഷിക സേവന കേന്ദ്രത്തിന്റെ ഞള്ളമറ്റത്തു പ്രവർത്തിക്കുന്ന 1500 കിലോഗ്രാം ശേഷിയുള്ള ഡ്രയർ യൂണിറ്റ് കപ്പ ഉണങ്ങാൻ മലയോര മേഖലയിലെ കർഷകർക്കു വിട്ടു നൽകുമെന്ന് അധികൃതർ. കപ്പ പൊളിച്ച് അരിഞ്ഞു വാട്ടുന്നതിനുള്ള സൗകര്യവും ഉണ്ട്. ഇവയെല്ലാം കർഷകർ തന്നെ ചെയ്യണം.
സ്വകാര്യ ഡ്രയർ യൂണിറ്റുകളിൽ ഒരു കിലോഗ്രാം കപ്പ ഉണങ്ങുന്നതിനു 10 മുതൽ 15 രൂപ വരെ ഈടാക്കുമ്പോൾ ഇവിടെ 5 രൂപ മാത്രമാണ് കിലോഗ്രാമിന് ഈടാക്കുന്നത്. ഫോൺ: കാർഷിക സേവന കേന്ദ്രം സെക്രട്ടറി- 6238732805, കൃഷി ഓഫിസർ, കൂട്ടിക്കൽ -6238035159.
ആശ്വാസമായി ‘കപ്പ ചാലഞ്ച്’
അപ്രതീക്ഷിത മഴ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ‘കപ്പ ചാലഞ്ചിലൂടെ’ മറ്റുള്ളവർക്ക് ആശ്വാസം പകർന്നവരുമുണ്ട്. പാകമായ കപ്പ നഷ്ടപ്പെടുമെന്ന അവസ്ഥ ഉണ്ടായതോടെയാണു കർഷകരിൽ ചിലർ ദുരിത ബാധിത പ്രദേശങ്ങളിലും കണ്ടെയ്ൻമെന്റ് സോണുകളിലും സൗജന്യമായി കപ്പ വിതരണം ചെയതത്.
യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, സേവാഭാരതി സംഘടനകൾ കൃഷിയിടങ്ങളിൽ നിന്നു കപ്പ പറിച്ചെടുത്ത് ആവശ്യക്കാരിലേക്ക് എത്തിക്കാനുള്ള ചുമതല ഏറ്റെടുത്തതോടെ ‘കപ്പ ചാലഞ്ച്’ ഹിറ്റായി. ഒപ്പം ഒട്ടേറെ കുടുംബങ്ങൾക്ക് ആശ്വാസമായി. സൗജന്യ കിറ്റുകളിൽ ‘കപ്പയും’ ഇടം പിടിച്ചു.