കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഒരു കോടി രൂപ ചിലവിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മേഖലയിലെ ഓക്സിജൻ ക്ഷാമത്തിന് ശ്വാശത പരിഹാരത്തിനുള്ള വഴി തെളിയുന്നു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള അനുവാദം ലഭിച്ചതായി കോട്ടയം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മറ്റി ചെയർമാൻ റ്റി. എൻ. ഗിരീഷ് കുമാർ അറിയിച്ചു. 500 ലിറ്റർ ശേഷിയുള്ള പ്ലാന്റ് സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. കോവിഡ് കാലത്ത് ജനറൽ ആശുപത്രിയുടെ ആവശ്യം കഴിഞ്ഞാൽ, മറ്റ് ആശുപത്രികൾക്കും ഓക്സിജൻ വിതരണം ചെയ്യുവാൻ സാധിക്കും എന്നതിനാൽ കോവിഡ് ദുരിതഭീതിയിൽ കഴിയുന്ന കാഞ്ഞിരപ്പള്ളി മേഖലയിലെ ജനങ്ങൾക്ക് ഏറെ ആശ്വാസമാവുകയാണ് ഈ പുതിയ സംരംഭം.
ഓക്സിജൻ പ്ലാന്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് DMO ജേക്കബ് വർഗീസ്, DPM Dr വ്യാസ് സുകുമാരൻ, ജില്ലാ CFLTC നോഡൽ ഓഫീസർ Dr. ഭാഗ്യശ്രീ എന്നിവർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് K മണിയൊടൊപ്പം ആശുപത്രി സന്ദർശിച്ചു. സംസ്ഥാന ടെക്നിക്കൽ കമ്മറ്റിയുടെ അനുമതിയോടെ ഉടൻ നിർമ്മാണം ആരംഭിച്ച് ഏറ്റവും വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് റ്റി. എൻ. ഗിരീഷ് കുമാർ പറഞ്ഞു .നിലവിൽ കാത്ത് ലാബ് പ്രവർത്തിക്കുന്നതിന്റെ പിൻവശത്തായിട്ടാണ് പ്ലാന്റ് നിർമിക്കാൻ പദ്ധതിയിടുന്നത്.
കോവിഡ് ചികിത്സാ കേന്ദ്രം കൂടിയായ ജനറൽ ആശുപത്രിയിൽ നിലവിൽ ഓക്‌സിജൻ സിലിൻഡറുകൾ റീഫില്ലിങ് കേന്ദ്രങ്ങളിൽ തിന്നും നിറച്ച് കൊണ്ടുവന്ന് കേന്ദ്രീകൃത പൈപ്പ് ലൈൻ വഴിയാണ് രോഗികൾക്ക് നൽകുന്നത്. ആശുപത്രിയിൽ 83 സിലിൻഡറുകളാണുള്ളത്. ആശുപത്രിയിലെ സി.എഫ്.എൽ.ടി.സി.യിൽ 36 കോവിഡ് രോഗികളും ചികിത്സയിലുണ്ട്.
ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതോടെ സിലിൻഡർ നിറച്ച് കൊണ്ടുവരുന്നതിൽ ഉണ്ടാകുന്ന താമസം ഇല്ലാതാക്കാൻ കഴിയും. ആശുപത്രിയിലെ ഓക്‌സിജൻ സിലിൻഡർ സ്വകാര്യ ഏജൻസികൾ വഴി കോട്ടയത്തെ സ്വകാര്യ പ്ലാന്റിലാണ് നിറയ്ക്കുന്നത്. ഓക്‌സിജൻ റീഫിൽ ചെയ്യാൻ ജില്ലയിൽ ഒരുകേന്ദ്രം മാത്രമാണുള്ളത്.
കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ കോവിഡ് രോഗികൾക്ക് സഹായമാകുന്നതൊടൊപ്പം സർക്കാർ നടപ്പിലാക്കുന്ന ആശുപത്രി വികസനം പൂർത്തിയാകുമ്പോൾ ICU അടക്കമുള്ള സംവിധാനങ്ങൾക്കും ഓക്സിജൻ പ്ലാന്റ് അത്യാവശ്യമാണ്. കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയുടെ വികസനത്തിൻ്റെ നാഴികക്കല്ലായി മാറും ഈ തീരുമാനം