കോവിഡ് കാലത്ത് കപ്പക്കർഷകർക്ക് കൈത്താങ്ങായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്
വാഴൂർ: കോവിഡ് കാലത്ത് കപ്പക്കർഷകർക്ക് കൈത്താങ്ങായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്്. ക്ഷീരസംഘങ്ങൾ വഴി കർഷകരിൽനിന്നു ന്യായവിലയ്ക്ക് കപ്പ ശേഖരണം ആരംഭിച്ചു. കൃഷിഭവനുകൾ, ക്ഷീരസംഘങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ബ്ലോക്കിന് കീഴിലുള്ള വാഴൂർ, കങ്ങഴ, വെള്ളാവൂർ, ചിറക്കടവ്, നെടുംകുന്നം, കറുകച്ചാൽ എന്നീ പഞ്ചായത്തുകളിലെ 26 ക്ഷീരസംഘങ്ങൾ മുഖേനയാണ് കപ്പ ശേഖരിക്കുന്നത്. കിലോ ഏഴ് രൂപ നിരക്കിലാണ് ശേഖരണം.
ക്ഷീരകർഷകർക്ക് കപ്പ അഞ്ചുരൂപ നിരക്കിൽ പശുവിന് നൽകാനായി വിൽക്കും. കൊടുങ്ങൂർ ക്ഷീരസംഘത്തിൽ നടത്തിയ കപ്പശേഖരണം ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി അധ്യക്ഷത വഹിച്ചു. ബ്ലോക്കംഗങ്ങളായ ഷാജി പാമ്പൂരി, ഗീതാ എസ്.പിള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, കൃഷിവകുപ്പ് അസി.ഡയറക്ടർ ടി.ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.
കർഷകർക്ക് രണ്ടുരൂപ അധികംനൽകി വാഴൂർ പഞ്ചായത്ത്
വാഴൂർ: ക്ഷീരസംഘത്തിൽ കപ്പ വിൽക്കുന്ന കർഷകർക്ക് കിലോയ്ക്ക് രണ്ടുരൂപ വീതം അധികംനൽകി വാഴൂർ ഗ്രാമപ്പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് ഏഴ് രൂപ നിരക്കിൽ ക്ഷീരസംഘങ്ങളിലൂടെ വാങ്ങുന്ന കപ്പയ്ക്ക് പഞ്ചായത്ത് രണ്ടുരൂപ വീതം അധികം നൽകി. ആദ്യഘട്ടത്തിൽ മൂവായിരം കിലോ കപ്പയാണ് ക്ഷീരസംഘം വാങ്ങിയത്. കർഷകർക്ക് നൽകാനുള്ള ആറായിരം രൂപ പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി കൈമാറി.