കർഷക രജിസ്‌ട്രേഷൻ കുറവ് : പഴം-പച്ചക്കറികളുടെ വിലയിടിവ് തടയാൻ സർക്കാർ പ്രഖ്യാപിച്ച തറവില പദ്ധതി അപ്രസക്തമാകും
പഴം-പച്ചക്കറികളുടെ വിലയിടിവ് തടയാൻ സർക്കാർ പ്രഖ്യാപിച്ച തറവില പദ്ധതി ലക്ഷ്യം കാണാതെ മുടന്തുന്നു. പദ്ധതി നിലവിൽവന്ന് ആറു മാസം കഴിഞ്ഞെങ്കിലും 60,000-ൽ താഴെ കർഷകരാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ചുരുങ്ങിയത് ഓരോ വിളയും ചെയ്യുന്ന രണ്ടു ലക്ഷം കർഷകരുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.
ഇതുമൂലം തറവിലയുടെ ആനുകൂല്യം കർഷകർക്ക് കിട്ടാത്ത അവസ്ഥയാണ്. ഇത്തവണ ഏറ്റവും വലിയ വിലയിടിവ് നേരിടുന്ന മരച്ചീനി കർഷകർ ആരും പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് അറിയുന്നത്. സർക്കാർ ഇടപെട്ട് മരച്ചീനി സംഭരിക്കാൻ നടപടി തുടങ്ങിയെങ്കിലും ഇവർക്ക് തറവിലയായ 12 രൂപയെങ്കിലും കിട്ടുമോ എന്നതാണ് വിഷയം.
16 ഇനം പഴം-പച്ചക്കറികൾക്കാണ് സർക്കാർ തറവില പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബർ മുതൽ ഇത് നിലവിൽ വന്നു. തറവിലയുടെ ആനുകൂല്യം കിട്ടാൻ ഓരോ വിളവ് ഇറക്കുമ്പോഴും കൃഷിവകുപ്പിന്റെ എ.ഐ.എം.എസ്. സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വിപണിവില തറവിലയേക്കാൾ കുറഞ്ഞാൽ ആ വ്യത്യാസം കർഷകർക്ക് കൃഷിവകുപ്പ് നൽകും.
കഴിഞ്ഞ വർഷം തറവിലയുടെ ആനുകൂല്യമായി മൂന്ന് കോടി നൽകി. ഇനി ഒന്നരക്കോടി കർഷകർക്ക് നൽകണം. ഈ വർഷം പത്ത് കോടി പദ്ധതിക്ക് നീക്കിവെച്ചിട്ടുണ്ട്. ആവശ്യത്തിന് ഫണ്ട് ഉണ്ടെങ്കിലും രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കുറവാണെന്ന് കൃഷി വകുപ്പ് അധികൃതർ പറഞ്ഞു. കോവിഡും മറ്റ് സാങ്കേതികതടസ്സങ്ങളുമാണ് രജിസ്‌ട്രേഷൻ കുറയാൻ കാരണമെന്ന് പറയുന്നു. തറവില പദ്ധതിക്ക് വർഷം 100 കോടി വരെ ചെലവഴിക്കാൻ സാധ്യതയുണ്ട്.
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിലത്തകർച്ച നേരിട്ടത് ഏത്തക്കായയ്ക്ക് ആയിരുന്നു. അന്ന് കൂടുതൽ കർഷകരും രജിസ്റ്റർ ചെയ്തു. ഇത്തവണ മരച്ചീനിക്കാണ് വിലത്തകർച്ച.
മരച്ചീനിക്ക് ഏഴു രൂപയാണ് ഹോർട്ടികോർപ്പ് പ്രഖ്യാപിച്ച സംഭരണവില. രജിസ്റ്റർ ചെയ്തവർക്ക് തറവിലയായ 12 രൂപ കിട്ടും. കൃഷി കൂടിയതോടെ എല്ലാ ജില്ലകളിലും 200 മുതൽ 1500 ടൺ വരെ മരച്ചീനി വിളവെടുക്കാനുണ്ട്.
വിളഞ്ഞ മരച്ചീനി എങ്ങനെ സംഭരിക്കുമെന്നതാണ് വിഷയം. കോവിഡ്‌മൂലം ആവശ്യക്കാർ ഇല്ല. മുഴുവൻ കപ്പയും ഉണക്കി സൂക്ഷിക്കണം. അസാധ്യമാണെങ്കിലും ഇതിനുള്ള ശ്രമത്തിലാണ് ഹോർട്ടികോർപ്പ്.