നികുതിരേഖകളിൽ പുരയിടമായില്ല ; പഴയ തോട്ടഭൂമികളിലെ വാസക്കാർ വലയുന്നു
കാഞ്ഞിരപ്പള്ളി: തോട്ടം-പുരയിടം പ്രശ്നത്തിൽ ഇനിയും പരിഹാരം ബാക്കി. പണ്ട് തോട്ടമായിരുന്ന ഭൂമിയുടെ ഭാഗങ്ങൾ ഇപ്പോൾ വാങ്ങി താമസിക്കുന്നവർക്കാണ് പ്രശ്നം. അടുത്തിടെ ഇത്തരം പ്രശ്നമുള്ളവർക്ക് സർക്കാർ പ്രത്യേകം സാക്ഷ്യപത്രം നൽകിയിരുന്നു. ഇവരുടെ ഭൂമി പുരയിടമാണെന്ന് കാണിച്ചാണിത് നൽകിയത്.
പക്ഷേ, റവന്യൂവകുപ്പിന്റെ അടിസ്ഥാനരേഖയായ ബി.ടി.ആറിൽ (ബേസിക് ടാക്‌സ് രജിസ്റ്റർ) ഭൂമിയുടെ ഇനം പുരയിടം എന്നതിന് പകരം തോട്ടം എന്ന് രേഖപ്പെടുത്തിയിരിക്കുന്നതാണ് പ്രശ്‌നം.
കൈമാറിവന്നിരുന്ന ഭൂമി തോട്ടമെന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ വീടുവെയ്ക്കുന്നതിനും വായ്പയെടുക്കുന്നതിനും തടസ്സമുണ്ട്. തോട്ടഭൂമിയുടെ പ്രത്യേക നിയമങ്ങൾ ഇവർക്കും ബാധകമായിവരും.
റവന്യൂ വകുപ്പ് ഭൂരേഖ പൂർണമായും ഡിജിറ്റൈസ് ആക്കുന്ന നടപടികൾക്കൊപ്പം ബി.ടി.ആറിൽ ഭൂമിയുടെ ഇനം പുരയിടം എന്ന് മാറ്റിനൽകണമെന്നാണ് ഭൂവുടമകളുടെ ആവശ്യം. നാല് സെന്റ് മുതലുള്ള ഭൂവുടമകളും പ്രശ്‌നത്തിൽ കുടുങ്ങിക്കിടക്കുന്നു. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലുമായി 14 വില്ലേജുകളിലെ കുടുംബങ്ങളെയാണ് പ്രശ്‌നം പ്രധാനമായി ബാധിച്ചിരിക്കുന്നത്.
പ്രശ്‌നപരിഹാരത്തിനായി കഴിഞ്ഞ വർഷം നടത്തിയ അദാലത്തിൽ എണ്ണായിരത്തോളം പരാതികളാണ് ലഭിച്ചത്. മീനച്ചിൽ താലൂക്കിൽ ലഭിച്ച 5500 പരാതികളിൽ 2500 എണ്ണവും കാഞ്ഞിരപ്പള്ളി താലൂക്കിൽ 2604 അപേക്ഷകളിൽ 719 എണ്ണവും തണ്ടപ്പേരിൽ തോട്ടമെന്നത് പുരയിടമെന്നാക്കി നൽകുന്നതിന് നടപടി സ്വീകരിച്ചു. എന്നാൽ ബി.ടി.ആറിൽ ഭൂമിയുടെ ഇനം പുരയിടം ആക്കി നൽകണമെന്ന പരാതിക്കാരുടെ ആവശ്യം പരിഹരിച്ചിട്ടില്ല.
തോട്ടം-പുരയിടപ്രശ്‌നം
1964-ലെ ഭൂപരിഷ്‌കരണ നിയമപ്രകാരം തോട്ടവിളകൾ കുറേക്കാലം സംരക്ഷിച്ചുവന്നെങ്കിലും പിന്നീട് തോട്ടഭൂമികൾ ചില്ലറയായി വിറ്റുതുടങ്ങി. ഇവയിൽ വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളും നിർമിച്ചു. ഇങ്ങനെ പലതവണ ക്രയവിക്രയത്തിന് സർക്കാർ രജിസ്‌ട്രേഷൻ ഫീസ് ഈടാക്കുകയും കെട്ടിട നിർമാണത്തിന് നികുതികൾ സ്വീകരിക്കുകയും ചെയ്തു. പിന്നീട് 2016-ൽ ഹൈക്കോടതിയുടെ ഒരു വിധിയിൽ തോട്ടഭൂമികളിലെ നിർമാണം നിയമലംഘനമാണെന്ന് കണ്ടെത്തി ഉത്തരവുണ്ടായി. പിന്നീട് പ്രാബല്യത്തിൽ വന്ന കേരള കെട്ടിടനിർമാണ ചട്ടത്തിലും തോട്ടഭൂമികളിൽ കെട്ടിട നിർമാണം അനുവദനീയമല്ലെന്നായിരുന്നു ചട്ടം. ഇതോടെ ക്രയവിക്രയത്തിനും വായ്പാ ഈടിനും കെട്ടിടനിർമാണത്തിനും തടസ്സമായി.