തലകുത്തിനിന്ന് ചിത്രം വരച്ച് റെക്കോഡുകൾ സ്വന്തമാക്കി ശിവകുമാർ
എലിക്കുളം : ഉരുളികുന്നം ഓട്ടുക്കുന്നേൽ ഒ.എസ്.ശിവകുമാർ എന്ന ഇരുപതുകാരൻ തലകുത്തിനിന്ന് ചിത്രം വരച്ചു ചരിത്രം രചിക്കുകയാണ്.
സ്‌കൂൾ കലോത്സവത്തിൽ ജില്ലാതലം വരെ ചിത്രരചനയിൽ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ശിവകുമാർ തലകുത്തി നിന്ന് ചിത്രം വരയ്ക്കുവാൻ ശ്രമിച്ചപ്പോൾ ആദ്യമാദ്യം വിജയിച്ചില്ല. പിന്നെ നിമിഷങ്ങൾമാത്രം മതി ഒരു ഛായാചിത്രം വരച്ചുതീർക്കാൻ എന്ന നിലയിലേക്കെത്തി ഈ ചിത്രകാരൻ. ഇപ്പോൾ വെറും ആറരമിനിറ്റ് തലകുത്തിനിന്നാൽ ഒരു ചിത്രം തയ്യാർ.
സച്ചിൻ തെണ്ടുൽക്കർ, മദർ തെരേസ, ഭഗത് സിങ്, മെസി, എ.പി.ജെ.അബ്ദുൽ കലാം, പിണറായി വിജയൻ….ഇങ്ങനെ നീളുകയാണ് ആറരമിനിറ്റിലെ മിഴിവേറും ചിത്രങ്ങൾ. മാർക്കർ പേനയാണ് ഉപയോഗിക്കുന്നത്. കിടക്കയിൽ ഭിത്തിയോട് ചേർന്ന് തലകുത്തിനിന്ന് പേന കൈയിലെടുത്താൽ പിന്നെ ചിത്രം തീരുന്നതുവരെ ഇതേ നിൽപ്പ്. ഒരുവരപോലും പിഴയ്ക്കാതെ, മുന്നൊരുക്കമില്ലാതെ മനസ്സിലുള്ള മുഖം കടലാസിൽ പകർത്തും.
പാലക്കാട് സ്വദേശി പ്രവീൺ മോഹൻ ഇത്തരത്തിൽ ആറുചിത്രം പൂർത്തിയാക്കി റെക്കോഡ് നേടിയെന്ന വിവരമാണ് ഈ വഴിയേ തിരിയാൻ പ്രേരിപ്പിച്ചത്. ഒറ്റദിവസം കൊണ്ട് പത്തുചിത്രം ഇത്തരത്തിൽ തയ്യാറാക്കിയാണ് ശിവകുമാർ ഈ റെക്കോഡ് മറികടന്നത്. ഇതിലൂടെ ഇപ്പോൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് എന്നിവയിൽ ശിവകുമാർ ഇടംപിടിക്കുകയും ചെയ്തു.
ഉരുളികുന്നം ഓട്ടുക്കുന്നേൽ ഒ.ഡി.ഷാജു(അപ്പു)വിന്റെയും ഷൈനിയുടെയും മകനായ ശിവകുമാർ ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കമ്യൂണിക്കേഷനിൽ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനിങ് വിദ്യാർഥിയാണ്.
സ്‌കൂൾ കലോത്സവത്തിൽ ജില്ലാതലം വരെ ചിത്രരചനയിൽ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.