ആയുർവേദ ആശുപത്രികളിലും ആയുഷ്-64 വിതരണംചെയ്യും

 

കോവിഡ് ചികിത്സയ്ക്കായി കേന്ദ്ര ആയുഷ് മന്ത്രാലയം വികസിപ്പിച്ച ആയുഷ്-64 മരുന്ന് തിങ്കളാഴ്ചമുതൽ സർക്കാർ ആയുർവേദ ആശുപത്രികളിലും വിതരണംചെയ്യും. സന്നദ്ധസംഘടനയായ സേവാഭാരതിക്കുമാത്രം വിതരണാനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിനൊടുവിലാണ് തീരുമാനം. സംസ്ഥാനത്തെ ആയുർവേദ ആശുപത്രികളിലും മരുന്നെത്തിക്കാൻ കേന്ദ്രസർക്കാർ അനുമതിനൽകി. സേവാഭാരതിയുടെ മരുന്നുവിതരണവും തുടരും. 

മരുന്നുവിതരണത്തിനുള്ള അനുമതി ആവശ്യപ്പെട്ട് ആയുഷ് മന്ത്രാലയത്തെ സംസ്ഥാനത്തെ ഭാരതിയചികിത്സാ വകുപ്പ് അധികൃതർ നേരത്തേ സമീപിച്ചിരുന്നു. ഇതിനുപിന്നാലെ ആയുഷ് സെക്രട്ടറിയുടെയും ഭാരതിയ ചികിത്സാവകുപ്പ് ഡയറക്ടറുടെയും നേതൃത്വത്തിൽ യോഗവും ചേർന്നു. തുടർന്നാണ് ഇക്കാര്യത്തിൽ വ്യക്തത വന്നത്. സേവാഭാരതിയുടെ മരുന്നുവിതരണത്തിൽ ഇടപെടേണ്ടെന്നും ആയുഷ് സെക്രട്ടറി നിർദേശംനൽകി. തീവ്രതകുറഞ്ഞ കോവിഡ് ബാധിച്ചവർക്കാണ് (എ-കാറ്റഗറി) ആയുഷ്-64 മരുന്ന് വീടുകളിൽ എത്തിച്ചുകൊടുക്കുന്നത്. നിലവിൽ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ പൂർണമായും കോട്ടയം, എറണാകുളം ജില്ലകളിലെ ചില തദ്ദേശസ്ഥാപനങ്ങളിലുമാണ് സേവാഭാരതിയുടെ നേതൃത്വത്തിൽ മരുന്നുവിതരണം നടക്കുന്നത്. മറ്റ് ജില്ലകളിലും ഉടൻ തുടങ്ങും.

error: Content is protected !!