പുതിയ വെല്ലുവിളി ; ഇത്തവണ പഠനം ഓൺലൈൻ ക്ലാസ്സുകളിലൂടെ.. ഓരോ കുട്ടിക്കും പഠിക്കുവാൻ സ്വന്തമായി മൊബൈൽ ഫോൺ ആവശ്യമുണ്ട്
ഇത്തവണയും ഓൺലൈൻ പഠനത്തിലൂടെ അധ്യയനവർഷം തുടങ്ങാനുള്ള ഒരുക്കങ്ങളായി. കഴിഞ്ഞ തവണ ടി.വി.യിലൂടെയും പഠനം നടത്തിയ കുട്ടികൾക്ക് ഇത്തവണ മൊബൈലിന്റെകൂടി സേവനം വേണ്ടിവരും. സ്വന്തം സ്‌കൂളിലെ അധ്യാപകർകൂടി ഓൺലൈൻ ക്ലാസിൽ എത്തുന്നു എന്നതുകൊണ്ടാണിത്.
കുട്ടികൾക്ക് ടി.വി., മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ കൈവശമുണ്ടോയെന്നത് സംബന്ധിച്ച വിവരങ്ങൾ അധ്യാപകർ ശേഖരിക്കുന്നു. രക്ഷിതാക്കളെ ഫോണിൽ വിളിച്ചാണ് ലഭ്യത ഉറപ്പുവരുത്തുന്നത്.
കഴിഞ്ഞ വർഷം ഓൺലൈൻ പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ ഒട്ടേറെ സന്നദ്ധ സംഘടനകളും പൊതുപ്രവർത്തകരുമെല്ലാം ഇടപെട്ട് ലഭ്യമാക്കിയിരുന്നു. വീടുകളിൽ പഠനസൗകര്യമില്ലാത്തവർക്ക് സമീപത്തെ സന്നദ്ധ സംഘടനാ ഓഫീസുകളിൽ ഉൾപ്പെടെ സൗകര്യം ഒരുക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം വിദ്യാർഥികൾക്ക് ലഭ്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ അതേപടി നിലനിൽക്കുന്നുണ്ടോയെന്നതടക്കമാണ് അധ്യാപകർ പരിശോധിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് ഇത്തവണത്തെ സ്‌കൂൾ പ്രവേശനോത്സവവും അഡ്‌മിഷനും ഓൺലൈനായാണ് നടക്കുക.
വിദ്യാർഥികളും അധ്യാപകരും സ്‌കൂളിൽ എത്താതെതന്നെ പ്രവേശനം നേടാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
സ്‌കൂൾ പ്രവേശനത്തിനുള്ള സമ്പൂർണ സോഫ്റ്റ്‌വേറിയിലൂടെയാണ് പ്രവേശനത്തിനും വിടുതൽ സർട്ടിഫിക്കറ്റിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.