കോവിഡ് ദുരിതബാധിതർക്ക് നൽകുവാൻ സൗജന്യമായി 2000 മൂട് കപ്പ നൽകിയ തോട്ടത്തിൽ, സൗജന്യമായി കപ്പ നട്ടുകൊടുത്ത് കൂവപ്പള്ളി പൗരസമിതി മാതൃകയായി . ചെയ്തത് മഹനീയകർമ്മമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം.
കൂവപ്പള്ളി : കൂവപ്പള്ളി പൗരസമിതിയുടെ നേതൃത്വത്തിൽ കോവിഡ് ദുരിതബാധിതരെ സഹായിക്കുവാൻ നിരവധി സന്നദ്ധപ്രവർത്തനങ്ങൾ ആണ് നടന്നുവരുന്നത്. സമിതിയുടെ ആവശ്യപ്രകാരം, കൂവപ്പള്ളി ഹോളിക്രോസ്സ് കോൺവെന്റിൽ നിന്നും 2000 മൂട് കപ്പ പറിയ്ക്കുവാൻ അനുവാദം ലഭിച്ചിരുന്നു. അതനുസരിച്ചു പൗരസമിതി പ്രവർത്തകർ തോട്ടത്തിൽ നിന്നും കപ്പ പറിച്ചു വൃത്തിയായി കവറുകളിൽ ആക്കി കൂവപ്പള്ളി മേഖലയിലെ വിവിധ പ്രദേശങ്ങളിൽ അർഹരായവരിൽ എത്തിച്ചുനൽകി. മറ്റ് ഭക്ഷണ സാധങ്ങൾക്കൊപ്പം നൂറോളം, ചക്കയും, തേങ്ങയും സംഭരിച്ച് അവർ കോവിഡ് ലോക് ഡൗൺ ദുരിതബാധിതർക്ക് അടിയന്തിര സഹായമായി എത്തിച്ചുനല്കിയിരുന്നു.
മഠത്തിലെ തോട്ടത്തിൽ നിന്നും കപ്പ പറിച്ചെടുത്തതിനെ തുടർന്ന് കൂവപ്പള്ളി പൗരസമിതി പ്രവർത്തകർ, കപ്പ പറിച്ചെടുത്ത കൃഷിത്തോട്ടത്തിൽ, കൃഷിയിടം വൃത്തിയാക്കി, പറിച്ചെടുത്ത 2000 മൂട് കപ്പയ്ക്ക് പകരം, അത്രയും കപ്പ വീണ്ടും നട്ടുകൊടുത്തു. ജെസിബി ഉപയോഗിച്ച് മണ്ണിളക്കിയ ശേഷം, സ്ഥലം ഒരുക്കി, കൂമ്പലെടുത്ത് കപ്പ നടുകയായിരുന്നു. കപ്പ നടുന്നതിന്റെ ഉദ്‌ഘാടനം പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം നിർവഹിച്ചു.
പല സ്ഥലങ്ങളിലും കപ്പ സൗജന്യമായി ലഭിക്കുമ്പോൾ, അത് വാങ്ങിപോകുന്ന സന്നദ്ധപ്രവർത്തകർ സ്ഥലമുടമയെ വീണ്ടും കൃഷി ചെയ്യുന്നതിൽ സഹായിക്കുന്ന കാര്യം മറന്നുപോകുന്നത് പതിവാണെന്നും, എന്നാൽ, സ്ഥലമുടകളെ വീണ്ടും കൃഷിചെയ്യുവാൻ സഹായിച്ച കൂവപ്പള്ളി പൗരസമിതി നടത്തിയ പ്രവർത്തനം മഹത്തരമാണെന്നും, അവർ നാടിന് മാതൃകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം പറഞ്ഞു.
കൂവപ്പള്ളി പൗരസമിതിയുടെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് കൂവപ്പള്ളി ബാങ്ക് മെമ്പർ ടോമി പന്തലാനിയുടെ നേതൃത്വത്തിൽ , ജോബി പോകാളാശ്ശേരി, മനോജ് കൊച്ചുപറമ്പിൽ, ജിജോ പുല്ലൂരുത്തീകരി, സിബി വിമല കേറ്റേഴ്സ്, ജിൻസ് അമൽജ്യോതി, വിനോദ് മുകളേൽ, രാജേഷ്, രതീഷ്, ജോഷി തേങ്ങാനാപടവ് തുടങ്ങിയവർ പങ്കാളികളായി.