ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന് മികച്ച പരിഗണന: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കാഞ്ഞിരപ്പള്ളി: 2021-22 ലെ സംസ്ഥാന ബഡ്ജറ്റ് ധനകാര്യ വകുപ്പ് മന്ത്രി മന്ത്രി കെ എൻ ബാലഗോപാൽ പുനരവതരിപ്പിച്ചപ്പോൾ പൂഞ്ഞാർ നിയോജക മണ്ഡലത്തിന് മികച്ച പരിഗണന ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. റബർകർഷകരുടെ വിലസ്ഥിരതാ ഫണ്ട് കുടിശ്ശിക നൽകുന്നതിനായി 50 കോടി രൂപ വകയിരുത്തിയതും കാർഷികോല്പന്നങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി കർഷകർക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും, പ്രവാസികൾക്കും, കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കും, പുതിയ തൊഴിൽ സംരംഭകർക്കും പ്രഖ്യാപിച്ച നൂതന പദ്ധതികളും പൂഞ്ഞാർ നിയോജക മണ്ഡലത്തിന് ഏറെ പ്രയോജനപ്രദമാകും. അഗ്രോ പാർക്കുകൾ സ്ഥാപിക്കുന്നതിനും, കേരള ബാങ്ക് മുഖേന കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കും എന്ന പ്രഖ്യാപനവും ഏറെ പ്രയോജനകരമാണ്. വിദ്യാർത്ഥികൾക്ക് കെ എസ് എഫ് ഇ മുഖേന ലാപ് ടോപുകൾ നൽകുന്നതും, എല്ലാ പഞ്ചായത്തിലും കളിക്കളങ്ങൾ നിർമ്മിക്കുന്നതും വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഏറെ ഗുണപ്രദമാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പ്രതിഭാ പദ്ധതി ആവിഷ്കരിച്ചതും നിയോജക മണ്ഡലത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ മുന്നേറ്റത്തിന് ഇടയാക്കും.
ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തും മിനി സിവിൽ സ്റ്റേഷനുകൾ, ഈരാറ്റുപേട്ട എഫ് എച്ച് സി താലൂക്ക് ആശുപത്രിയായി ഉയർത്തൽ, കൂട്ടിക്കൽ സി എച്ച് സി, തിടനാട് പി എച്ച് സി എന്നിവയ്ക്ക് പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം, എരുമേലി സി എച്ച് സി യിൽ കോവിഡ് ചികിത്സയ്ക്കായി ഐസിയു സംവിധാനം എന്നിവ ആരോഗ്യരംഗത്തും റോഡ് വിഭാഗത്തിൽ ചെമ്മലമറ്റം-വാരിയാനിക്കാട്-പിണ്ണാക്കനാട്, പൂഞ്ഞാർ- കൈപ്പള്ളി, മുണ്ടക്കയം – കൂട്ടിക്കൽ- ഏന്തയാർ, പൂഞ്ഞാർ – ചോറ്റി, താളുങ്കൽ – ചാത്തൻ പ്ളാപ്പള്ളി, ആനക്കല്ല്- പൊടിമറ്റം, മാവടി – മലമേൽ-വഴിക്കടവ്, ഭരണങ്ങാനം-തിടനാട്- പാറത്തോട്, അടിവാരം – മണ്ണുങ്കൽ -കൈപ്പള്ളി, തീക്കോയി-തലനാട്, കൂട്ടിക്കൽ – കൊക്കയാർ, ചേനപ്പാടി – മുക്കട എന്നീ റോഡുകൾക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. കൂടാതെ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട് പഞ്ചായത്തുകൾ ഉൾക്കൊള്ളിച്ച് സമഗ്ര ശുദ്ധജല വിതരണ പദ്ധതി , കോരുത്തോട് , മുണ്ടക്കയം പഞ്ചായത്തുകൾക്കായി പുതിയ ശുദ്ധജല വിതരണ പദ്ധതി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂറിസം മേഖലയിൽ 24 ടൂറിസം കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് പൂഞ്ഞാർ ടൂറിസം സർക്യൂട്ട്, മുതു കോര മല ടൂറിസം സെൻറർ ഡെവലപ്മെൻറ് , ഈരാറ്റുപേട്ട-വാഗമൺ റോഡിൽ കംഫർട്ട് സ്റ്റേഷനുകളുടെ നിർമ്മാണം എന്നീ ടൂറിസം വികസന പദ്ധതികളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിലേക്ക് വിവിധ റോഡുകളും, ബൈ പാസുകളും, ഫ്ലൈ ഓവറുകളും നിർമ്മിക്കുന്നതിനുള്ള നിർദ്ദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്.
പൂഞ്ഞാർ തെക്കേക്കര ആസ്ഥാനമാക്കി പുതിയ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനും ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കുന്നതിനും ബജറ്റിൽ നിർദേശമുണ്ട്. തീക്കോയി പഞ്ചായത്തിലെ മാറുമല വെള്ളച്ചാട്ടത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന മിനി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതിനു ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ഇപ്രകാരം പുതിയ പദ്ധതികൾ ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചതോടൊപ്പം മുൻപ് തുക അനുവദിച്ചിട്ടുള്ളതും നടന്നു വരുന്നതുമായ വികസന പദ്ധതികളും പൂർത്തീകരിക്കും.
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ സമഗ്രവികസനത്തിന് ഉപകരിക്കുന്ന പദ്ധതികൾ അനുവദിച്ചുതന്ന മുഖ്യമന്ത്രി പിണറായി വിജയനും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനും നന്ദി അറിയിക്കുന്നതായും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.

error: Content is protected !!