മദ്യവില്പനശാല ഞള്ളമറ്റത്തേക്ക് : നാട്ടുകാർ കടുത്ത പ്രതിഷേധത്തിൽ..വീട്ടുമുറ്റ സമരം നടത്തുവാൻ തീരുമാനം..
മദ്യവില്പനശാല ഞള്ളമറ്റത്തേക്ക് : നാട്ടുകാർ കടുത്ത പ്രതിഷേധത്തിൽ..വീട്ടുമുറ്റ സമരം നടത്തുവാൻ തീരുമാനം..
കാഞ്ഞിരപ്പള്ളി : അഞ്ചിലിപ്പയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ് ഞള്ളമറ്റം ഗ്രാമത്തിലേക്ക് മാറ്റി സ്ഥാപിക്കുവാനുള്ള നീക്കത്തിൽ പൗരസമിതി പ്രതിഷേധിച്ചു. കുടുംബതാമസമുള്ള വീടുകളോടും, റേഷൻകടയോടും ചേർന്ന് ഇടുങ്ങിയ റോഡിന്റെ അരികിലേക്കാണ് മദ്യവില്പന ശാല മാറ്റി സ്ഥാപിക്കുന്നത് എന്നത് പ്രദേശവാസികളുടെ സമാധാനപരമായ ജീവിതത്തിന് ഹാനികരമാണ് എന്നാണ് പൗരസമിതി ആരോപിക്കുന്നത്.
ഞള്ളമറ്റം ഗ്രാമത്തിൽ മദ്യവില്പന ശാല തുടങ്ങുവാൻ അനുവദിക്കില്ല എന്ന പ്രഖ്യാപനവുമായി, കുട്ടികളും വനിതകളും ഉൾപ്പെടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്ലാക്കാർഡുകളുമായി നടത്തിയ പ്രതിഷേധ സമരത്തിന് ജില്ലാ പഞ്ചായത്ത് മെമ്പർ ജെസി ഷാജൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റിജോ വാളാന്തറ, ജെസി മലയിൽ പൗരസമിതി അംഗങ്ങളായ സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, എം ടി തോമസ്, ബിന്ദു വിനയൻ, ഇ പി ചാക്കപ്പൻ, സാബി സജീവ്, ജോസഫ് ആന്റണി, സാജു കുറ്റിവേലിൽ തുടങ്ങിയവർ നേതൃത്വം നൽകി.
കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തും ആവശ്യമായ സ്ഥലസൗകര്യങ്ങൾ നൽകാൻ പല വ്യക്തികളും തയ്യാറായിട്ടും ഞള്ളമറ്റത്തേയ്ക്ക് മാറ്റി സ്ഥാപിക്കുവാനുള്ള നീക്കത്തിൽ ദുരൂഹതയുണ്ടെന്ന് പൗരസമിതി ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ നിയന്ത്രണം പാലിച്ച് വീട്ടുമുറ്റ സമരം നടത്തുവാനും തീരുമാനിച്ചു.