ആരും മറക്കില്ല … വർഷങ്ങളോളം രക്തം ചൊരിഞ്ഞ കാസിമിനെ.
എരുമേലി :ഇന്നലെ ലോക രക്‌തദാന ദിനത്തിൽ ചേനപ്പാടിക്കാരിൽ പലരുടെയും മാത്രമല്ല ഒട്ടേറെ പേരുടെ മനസിൽ മായാതെ ആ മുഖമുണ്ടായിരുന്നു… ചേനപ്പാടിയിലെ പി എം കാസിം റാവുത്തർ എന്ന കാസിം അണ്ണന്റെ മുഖം. സ്വന്തം അമ്മയുടെ ജീവൻ രക്ഷിക്കാൻ ആരും സഹായത്തിനില്ലാതെ വന്നപ്പോൾ പതിനെട്ടാമത്തെ വയസിൽ സ്വന്തം രക്തം അമ്മയ്ക്ക് വേണ്ടി നൽകിയ അന്ന് മുതൽ മരണം വരെയും മുടങ്ങാതെ രക്തദാനം നടത്തിയ കാസിം അണ്ണനെ നാടിന് എങ്ങനെ മറക്കാനാകും.
കഴിഞ്ഞയിടെ 76 വയസിലാണ് അദ്ദേഹം മരണപ്പെട്ടത്. അത് വരെ 140 ഓളം പേരെയാണ് കാസിം തന്റെ രക്തം നൽകി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. മൂന്ന് മാസം തികയുമ്പോൾ രക്തം വേണ്ടവരുടെ വിളിക്കായി കാത്തിരുന്ന മനുഷ്യ സ്‌നേഹിയായിരുന്നു കാസിം. ആരും എത്തിയില്ലെങ്കിൽ ആശുപത്രിയിൽ എത്തി രക്തം നൽകി സംതൃപ്തിയോടെ മടങ്ങും. രക്തദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒരു രക്തദാനസേനയും അദ്ദേഹം ചേനപ്പാടിയിൽ രൂപീകരിച്ചിരുന്നു. എത്ര തിരക്കുണ്ടെങ്കിലും തൻ്റെ ഗ്രൂപ്പിലെ രക്തം എവിടെ അവശ്യമുണ്ടെനറിഞ്ഞാലും സ്വന്തം ചിലവിൽ ഹോസ്പിറ്റലിലെത്തുന്ന കാസിം അണ്ണനെ വിവിധ സംഘടനകൾ ആദരിച്ചിരുന്നു. അമ്മയ്ക്ക് വേണ്ടി രക്തം ആവശ്യമായി വന്നപ്പോൾ കാസിം അണ്ണന് 18 വയസായിരുന്നു പ്രായം. ആരെയും കിട്ടാതെ വന്നപ്പോഴാണ് ജീവൻ രക്ഷിക്കാൻ തല്ക്കാലം തന്റെ രക്തം മതിയെന്ന് ആശുപത്രി അധികൃതർ കാസിം അണ്ണനോട് പറഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു. അന്ന് രക്തം നൽകിയത് മുതൽ അതൊരു ജീവിത നിയോഗം പോലെ ഏറ്റെടുത്ത അദ്ദേഹത്തെ ഇന്നലെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ അനുസ്മരിച്ചത്.