മാനസികസമ്മർദം കുറയ്ക്കാൻ ഓൺലൈൻ കലോത്സവം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ എട്ടാം വാർഡിൽ കലാ-സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഓൺലൈൻ കലോത്സവം സംഘടിപ്പിക്കുന്നു. ലോക്ഡൗണിൽ വീടിനുള്ളിൽ ഒതുങ്ങി ജീവിക്കേണ്ടി വരുന്നതിന്റെ മാനസിക സമ്മർദം കുറയ്ക്കാനും വാർഡിലെ അറുനൂറോളം വരുന്ന കുടുംബങ്ങളിലെ കലാകാരൻമാർക്ക് അവസരമൊരുക്കുന്നതിനും വേണ്ടിയാണ് വാർഡിൽ പാട്ടുത്സവം എന്ന പേരിൽ ഓൺലൈൻ കലോത്സവം സംഘടിപ്പിക്കുന്നത്. പുരോഗമന കലാ സാഹിത്യ സംഘം ഏരിയാ സെക്രട്ടറി എം.എ. റിബിൻ ഷായുടെ നേതൃത്വത്തിൽ ഒരു സംഘം കലാ-സാംസ്കാരിക പ്രവർത്തകരാണ് ഓൺലൈൻ കലോത്സവത്തിന് നേതൃത്വം നൽകുന്നത്. എല്ലാ വിഭാഗക്കാർക്കുമായി പാട്ട് മത്സരം, വിദ്യാർഥികൾക്കായി പ്രസംഗമത്സരം, കുട്ടികൾക്കായി കഥ പറച്ചിൽ മത്സരം എന്നിവ ആദ്യ ഘട്ടമായി നടക്കും. അഞ്ച് മിനിറ്റിൽ കവിയാത്ത കലാവതരണങ്ങളുടെ വീഡിയോ ചിത്രീകരിച്ച് 8089250090 എന്ന വാട്ട്സാപ്പ് നമ്പരിൽ 16 ന് മുന്പ് അയ്ക്കണം. വിവിധ മേഖലകളിലെ പ്രഗത്ഭർ അടങ്ങുന്ന സമിതി അവതരണങ്ങൾ വിലയിരുത്തും. മികച്ചവ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യും.
ലോക്ഡൗൺ കാലത്ത് ഭക്ഷണം, മരുന്ന് തുടങ്ങി അടിസ്ഥാനവശ്യങ്ങൾ കൂടാതെ കുട്ടികൾക്ക് പഠന സൗകര്യമൊരുക്കിയും കൗൺസലിംഗ്, ടെലി മെഡിസിൻ, ഓൺലൈൻ ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവ നടത്തിയും വ്യത്യസ്ത മാതൃക സൃഷ്ടിച്ച എട്ടാം വാർഡിലെ ഓൺലൈൻ കലോത്സവം കോവിഡ് കാലത്തെ വേറിട്ട കാഴ്ച്ചയാവുകയാണ്. വാർഡംഗം സുമി ഇസ്മായിൽ, വാർഡ് വികസന സമിതിയംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരും പിന്തുണയുമായി ഒപ്പമുണ്ട്.