ശബരി റെയിൽവേ പദ്ധതി; നടപടികൾ ഉടൻ തുടങ്ങും കോവിഡ് നിയന്ത്രണത്തിലായി ഓഫീസുകൾ സജ്ജമാകുന്ന മുറയ്ക്ക് ശബരി റെയിൽവേ പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന നടപടികളുടെ രണ്ടാംഘട്ടം തുടങ്ങിവയ്ക്കാൻ സർക്കാർ തീരുമാനം. അങ്കമാലി മുതൽ കാലടിവരെയുള്ള സ്ഥലം ഏറ്റെടുക്കലും നിർമാണ നടപടികളും പൂർത്തിയായിട്ടുണ്ട്. തുടർന്നു മൂവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലും ആവശ്യമായ സ്ഥലം ഏറ്റെടുക്കും.ഏറ്റവും ലാഭകരവും നഷ്ടം ഒഴിവാക്കുന്നതുമായ അലൈൻമെന്റ് അനുസരിച്ച് സ്ഥലം ഏറ്റെടുക്കും. കാലടി മുതൽ അടുത്തവർഷം നിർമാണ ജോലികൾ തുടങ്ങാനാണ് നീക്കം. ഇതിനായി മൂവാറ്റുപുഴയിൽ വീണ്ടും താത്കാലിക ഓഫീസ് തുറക്കാനും സ്പെഷൽ തഹസീൽദാർമാരെ നിയമിക്കാനും നടപടികൾ പുരോഗമിക്കുന്നു.2815 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അങ്കമാലി ശബരി റെയിൽപാതയുടെ അന്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാനും കിഫ്ബി മുഖേന ആവശ്യമായ പണം ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അങ്കമാലി ശബരിപാത എരുമേലിയിൽനിന്നു പുനലൂർ വരെ പിന്നീട് ദീർഘിപ്പിക്കും. ശബരിപാതയുടെ നടത്തിപ്പും പരിപാലനവും റെയിൽവേ മന്ത്രാലയം തന്നെ നിർവഹിക്കണമെന്നും പാതയിൽ ഉൾപ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതുസ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കന്പനി വഴി നടപ്പാക്കണമെന്നും സംസ്ഥാന സർക്കാർ കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പാതയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയിൽവേയും 50:50 അനുപാതത്തിൽ പങ്കിടണമെന്ന് ധാരണയിലാണു പകുതി ചെലവു വഹിക്കാൻ തീരുമാനിച്ചത്. 1997-98 ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. തുടർന്നു വന്ന പത്തു വർഷങ്ങളിലെയും റെയിൽവേ ബജറ്റുകളിൽ തുക വകയിരുത്തിയെങ്കിലും സ്ഥലം ഏറ്റെടുക്കലുമായ ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ജോലികൾ അനിശ്ചിതത്വത്തിലായി. പദ്ധതി പ്രഖ്യാപിക്കുന്പോൾ ചെലവ് 517 കോടി രൂപയായിരുന്നത് നിലവിൽ 2815 കോടി രൂപയായി ഉയർന്നു.