തോപ്പിൽ കടവ് പാലം പുനർനിർമിക്കുമെന്ന് എംഎൽഎ; പ്രതീക്ഷയോടെ കുടുംബങ്ങൾ :
മുണ്ടക്കയം: പ്രളയത്തിൽ തകർന്ന തോപ്പിൽ കടവ് പാലം പുനർ നിർമിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ. പാലം തകർന്നിട്ട് മൂന്നു വർഷമായിട്ടും പുനർ നിർമിക്കാത്തതിൽ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് എംഎൽഎ സ്ഥലം സന്ദർശിച്ചത്.
2018 ഓഗസ്റ്റ് 15 നാണ് പ്രളയത്തെ തുടർന്ന് കോട്ടയം – ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന കോരുത്തോട്ടിലെ തോപ്പിൽ കടവ് പാലം തകർന്നത്. ഇതോടെ പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കൽ, കുറ്റിക്കയം പ്രദേശങ്ങളിലെ 450 ഓളം കുടുംബങ്ങൾക്ക് പുറം ലോകത്തേക്കുള്ള യാത്ര മുടങ്ങി. ആശുപത്രി, സ്കൂൾ, പലവ്യഞ്ജന സാധനങ്ങൾ അടക്കമുള്ള സർവ കാര്യങ്ങൾക്കും മൂഴിക്കൽ നിവാസികൾ കോരുത്തോട്, മുണ്ടക്കയം ടൗണുകളെയാണ് ആശ്രയിക്കേണ്ടത്.
പാലം തകർന്നതോടെ മൂഴിക്കലിൽ നിന്ന് അക്കരെ കടക്കാൻ താത്കാലികമായി ചങ്ങാടം നിർമിച്ചെങ്കിലും ഒരു വർഷത്തിനു ശേഷം ഇതും തകർന്നു. പിന്നീട് പ്രതിഷേധങ്ങൾക്കു ശേഷം ചങ്ങാട യാത്ര താത്കാലികമായി ഒരുക്കിയെങ്കിലും ഇപ്പോൾ ഇതും പാതി തകർന്ന അവസ്ഥയാണ്. മഴക്കാലം കൂടി എത്തിയതോടെ മേഖലയിലെ ജനങ്ങൾ ഭീതിയിലായിരിക്കുകയാണ്. അഴുതയാറിലെ ജലനിരപ്പ് ഉയർന്നതോടെ ചങ്ങാട യാത്രയും മുടങ്ങി.
പാലം തകർന്നപ്പോൾ സ്ഥലം സന്ദർശിച്ച കോട്ടയം – ഇടുക്കി ജില്ലയിലെ ജനപ്രതിനിധികൾ പിന്നീട് ഈ ഭാഗത്തേക്കു തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. ലോകസഭ, പഞ്ചായത്ത്, നിയമ സഭ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രധാന വാഗ്ദാനവും തോപ്പിൽ കടവു പാലം തന്നെയായിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഇവരെല്ലാം മൂഴിക്കൽ നിവാസികളെ മറന്നതായാണ് നാട്ടുകാരുടെ ആക്ഷേപം.
ഇതിനിടെയാണ് പീരുമേട് എംഎൽഎ സ്ഥലം സന്ദർശിച്ച് പാലം പുനർ നിർമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്. 90 ശതമാനം പട്ടികവർഗ കുടുംബങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്തെ 450 ഓളം കുടുംബങ്ങളുടെ യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകുമെന്ന പ്രതീക്ഷയാണ് നാട്ടുകാർക്കുള്ളത്.