ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത 10 വിദ്യാർഥികൾക്ക് സ്മാർട് ഫോണുകൾ വിതരണം ചെയ്തു
ചാമംപതാൽ: ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത 10 വിദ്യാർഥികൾക്ക് സ്മാർട് ഫോണുകൾ വിതരണം ചെയ്തു. ചാമംപതാൽ ഗവൺമെന്റ് എൽപി സ്കൂളിൽ പഠിക്കുന്ന ഏഴ് വിദ്യാർഥികൾക്കും പ്രദേശത്തെ ഓൺലൈൻ വിദ്യാഭാസത്തിനു സൗകര്യാമില്ലാത്ത മൂന്ന് വിദ്യാർഥികൾക്കുമാണ് ഫോണുകൾ വിതരണം ചെയ്തത്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ആക്രി സാധനങ്ങൾ ശേഖരിച്ചു വിറ്റ തുകയ്ക്കാണ് ഫോണുകൾ വാങ്ങി വിതരണം ചെയ്തത്. കൂടാതെ ഇരുനൂറിലധികം വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി ബൈജു കെ. ചെറിയാൻ ഹെഡ്മാസ്റ്റർ റബീസിനും കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം അനീഷ് ലാലിനും ഫോണുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ശ്രീകാന്ത് പി. തങ്കച്ചൻ, പി.എസ്. സുലൈമാൻ, പി.എസ്. സെയ്നുല്ലാബ്ദീൻ എന്നിവർ പ്രസംഗിച്ചു.
മുക്കൂട്ടുതറ: വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി ഫോണുകൾ വാങ്ങാൻ മുക്കൂട്ടുതറയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയത് ശ്രദ്ധേയമായ സേവനം. വീടുകൾ തോറും പ്രവർത്തകർ കയറിയിറങ്ങി പഴയ പത്രങ്ങളും ആക്രി സാധനങ്ങളും ശേഖരിച്ചപ്പോൾ നിറഞ്ഞത് വാഹനങ്ങൾ നിറയെ വിലയേറിയ പാഴ്വസ്തുക്കൾ. നാല് ലോഡ് ആക്രി സാധനങ്ങളാണ് നാട് സംഭാവനയായി ചൊരിഞ്ഞത്. ഓരോ ഇനങ്ങളാക്കി തരംതിരിച്ച് തൂക്കി വിറ്റപ്പോൾ ലഭിച്ചത് 62,473 രൂപ. ആക്രി ലോഡുമായി പോയ വാഹനങ്ങൾ സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി അംഗം കെ.സി. ജോർജുകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. നൗഫൽ നാസർ, അരവിന്ദ് ബാബു, ആർ. ധർമകീർത്തി, സുബിൻ ഐക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി. അർഹരായ മുഴുവൻ വിദ്യാർഥികൾക്കും അടുത്ത ദിവസം തന്നെ സ്മാർട്ഫോൺ കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.