ആശ്വാസത്തിൽ വ്യാപാരികൾ; അൺലോക്കിൽ നിരത്തുകൾ ഉണർന്നു
കാഞ്ഞിരപ്പള്ളി: അൺലോക്കിന്റെ ഭാഗമായി ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ടൗൺ വീണ്ടും ഉണർന്നു. ഒന്നരമാസത്തിനുശേഷമാണ് കാഞ്ഞിരപ്പള്ളി ടൗണിൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചത്. ബ്യൂട്ടി പാർലർ ഒഴികെ മറ്റ് വ്യാപാര സ്ഥാപനങ്ങളെല്ലാംതന്നെ തുറന്നു.
ഒന്നരമാസത്തിനു ശേഷം തുറന്നതിനാൽ മിക്ക കടകളിലും ശുചീകരണപ്രവർത്തനങ്ങളാണ് നടന്നത്. പാഴ്സൽ സർവീസിനായി ഹോട്ടലുകളും റസ്റ്റാറന്റുകളും തുറന്നു പ്രവർത്തിച്ചു. രാവിലെ മുതൽ നിരത്തുകളിൽ വാഹനങ്ങൾ നിറഞ്ഞു തുടങ്ങിയിരുന്നു. വൈകുന്നേരം വരെ ടൗണിൽ ജനങ്ങൾ ഒഴുകിയെത്തി. കെഎസ്ആർടിസി സർവീസുകളടക്കം പൊതുഗതാഗതം സാധാരണ നിലയിലേക്ക് മാറി. ഏതാനും പ്രൈവറ്റ് ബസുകളും സർവീസുകൾ നടത്തി. ഓട്ടോറിക്ഷകളും ടൗണിൽ സജീവമായിരുന്നു. കുരിശുങ്കൽ ജംഗ്ഷനിലും പേട്ടക്കവലയിലുമുള്ള പോലീസ് പരിശോധനയ്ക്ക് താത്ക്കാലിക അവധി നൽകി തിരക്ക് നിയന്ത്രിക്കാൻ ടൗണിൽ പോലീസ് പരിശോധനകൾ നടത്തി.
ടിപിആർ നിരക്ക് എട്ട് ശതമാനത്തിൽ താഴെയായ കാഞ്ഞിരപ്പള്ളി, ചിറക്കടവ്, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലാണ് കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. പാറത്തോട്, മുണ്ടക്കയം, എലിക്കുളം പഞ്ചായത്തുകളിൽ എട്ട് – 20 ശതമായതിനാൽ ലോക് ഡൗണിലെ ഇളവുകൾ മാത്രമാണുള്ളത്.