മദ്യവിൽപ്പനശാലയിൽ മദ്യപാനികൾ അച്ചടക്കത്തോടെ “ക്യൂ’ നിന്ന് മദ്യം വാങ്ങി
കാഞ്ഞിരപ്പള്ളി: ലോക്ഡൗണിനെ തുടർന്ന് അടച്ച മദ്യവിൽപ്പനശാലകൾ തുറന്നതോടെ കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ മദ്യവിൽപ്പനശാലയിൽ രാവിലെ മുതൽ നീണ്ട ക്യൂ. രാവിലെ ഒന്പതിന് പ്രവർത്തനമാരംഭിക്കുമെന്ന് അറിയിച്ചെങ്കിലും അതിന് മുന്പു തന്നെ നീണ്ട ക്യൂ ആണ് മദ്യവിൽപ്പനശാലയ്ക്ക് മുന്നിലുണ്ടായിരുന്നത്.
മാസ്കിന് പുറമേ ഹെൽമറ്റ് വച്ചും ആളുകൾ ക്യൂവിലെത്തിയതോടെ റോഡിലൂടെ പോയവർക്ക് കൗതുക കാഴ്ചയായി മാറി. വാഹനങ്ങളിൽ പോയവർ ക്യൂവിന്റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരണവും തുടങ്ങി. കോവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവും പാലിക്കുന്നുണ്ടോയെന്ന് അറിയാൻ മദ്യവിൽപ്പനശാലയ്ക്ക് മുന്നിൽ പോലീസ് പരിശോധനയും നടത്തിയിരുന്നു. എന്നാൽ, ക്യൂ തെറ്റിക്കാതെ നിയന്ത്രണങ്ങൾ പാലിച്ച് അച്ചടക്കത്തോടെയാണ് എല്ലാവരും നിന്നത്.