കാഞ്ഞിരപ്പള്ളിയിൽ ജ്വല്ലറിയിൽ മോഷണം, ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി
കാഞ്ഞിരപ്പള്ളി: നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ജൂവലറിയുടെ പിൻഭാഗത്തെ ഭിത്തി തുറന്ന് സ്വർണവും വെള്ളിയും മോഷ്ടിച്ചു. നാല് പവൻ സ്വർണവും രണ്ട് കിലോഗ്രാം വെള്ളിയുമാണ് മോഷ്ടിച്ചത്. പേട്ടക്കവലയിൽ ഈരാറ്റുപേട്ട റോഡിൽ പ്രവർത്തിക്കുന്ന ലക്ഷ്മി ജൂവലറിയിലാണ് മോഷണം നടന്നത്. കടയ്ക്കുള്ളിൽ പ്രദർശനത്തിന് വെച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. ലോക്കർ തുറക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. രണ്ടര ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണ് മോഷണം പോയതെന്ന് ഉടമകൾ പറഞ്ഞു. ഉടമകളായ പി.വി.സുരേഷ് കുമാറും സഹോദരൻ പി.വി.ഗോപാലകൃഷ്ണനും തിങ്കളാഴ്ച രാവിലെ 10-ന് കട തുറന്നപ്പോഴാണ് മോഷണവിവരമറിയുന്നത്. ഷട്ടർ തുറന്ന് അകത്തേക്ക് പ്രവേശിക്കുന്ന വാതിൽ കൗണ്ടർ മേശ വെച്ച് അടച്ചിട്ടനിലയിലുമായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ കടയുടെ പിൻഭാഗത്തെ ഭിത്തി ഒരാൾക്ക് കടക്കാവുന്ന രീതിയിൽ തുരന്നനിലയിൽ കണ്ടെത്തി. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ചയാണ് അവസാനമായി കട തുറന്നത്. ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ ആയിരുന്നതിനാൽ പട്ടണത്തിലും സമീപപ്രദേശങ്ങളിലും ആളുകൾ തീരെ കുറവായിരുന്നു. ഈ രണ്ട് ദിവസങ്ങളിൽ രാത്രിയിലാകാം മോഷണം നടന്നതെന്ന് കരുതുന്നു. കടയ്ക്കുള്ളിൽ നിന്നു ലിവറും കണ്ടെത്തിയിരുന്നു.
ടി.ശ്രീകുമാർ, പി.ജെ.ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് നായ ചേതക്കിനെ എത്തിച്ച് പരിശോധന നടത്തി. സമീപത്തെ ലോഡ്ജിന് പിൻവശത്ത് കൂടിയുള്ള പേട്ട വാർഡിലേക്കുള്ള ഇടവഴിയിലൂടെ 250 മീറ്ററോളം ദൂരം പോലീസ് നായ ഓടി. ഈരാറ്റുപേട്ട റോഡിന് സമീപത്തെ പേട്ട വാർഡ്- നൈനാർ പള്ളി റോഡിലെത്തി പോലീസ് നായ നിന്നു. വിരലടയാള വിദഗ്‌ധരും ശാസ്ത്രീയ പരിശോധന വിഭാഗവും കടയ്ക്കുള്ളിൽ പരിശോധന നടത്തി.
കടയും പരിസരവുമായി പരിചയമുള്ളവരാകാം മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സമീപത്തെ വീടുകളിലെയും കടകളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മോഷ്ടാവിനെ സംബന്ധിച്ചുള്ള ദൃശ്യങ്ങൾ കണ്ടെത്തിയിട്ടില്ല. കൂടുതൽ പരിശോധനയ്‌ക്കായി സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു. മുൻപ് സമാനമായി നടന്ന മോഷണകേസുകളിലെ മോഷ്ടാക്കളെ ബന്ധപ്പെടുത്തി അന്വേഷണം നടത്തും. എ.എസ്.പി. എ.യു.സുനിൽ കുമാർ, ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹൻ, കാഞ്ഞിരപ്പള്ളി എസ്.ഐ. എൽദോ പോൾ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.