വായ്‌പാ തിരിച്ചടവ്: വീട്ടമ്മമാരെ ‘വട്ടം കറക്കി’ സ്വകാര്യ പണമിടപാട് സ്‌ഥാപനങ്ങള്‍
കോവിഡില്‍ നട്ടം തിരിയുന്ന വീട്ടമ്മമാരെ വായ്‌പാ തിരിച്ചടവിന്റെ പേരില്‍ വട്ടം കറക്കി പണമിടപാട് കമ്പനികള്‍. വീടുകളിലെ സാമ്പത്തിക അരക്ഷിതാവസ്‌ഥ കണക്കിലെടുത്ത് പല സ്വയം സഹായ ഗ്രൂപ്പുകളില്‍ നിന്നും, സ്വകാര്യ ബാങ്കുകളുടെ പണമിടപാടുകളില്‍ നിന്നും പണം പലിശയ്‌ക്ക് കടം കൊടുക്കുന്ന ഇതര സംസ്‌ഥാനക്കാരില്‍ നിന്നും പണം പലിശയ്‌ക്ക് വാങ്ങിയ വീട്ടമ്മമാരെയാണ് ഇടപാടുകാര്‍ വട്ടം ചുറ്റിക്കുന്നത്.
ഗ്രാമ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പല വിധത്തിലുള്ള സ്വയം സഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലൂടെ പുറമെ പണം തവണ വ്യവസ്‌ഥയ്‌ക്ക് പലിശയ്‌ക്ക് കൊടുക്കുന്ന ഗ്രൂപ്പുകളുമുണ്ട്.
ഇതിനെല്ലാം പുറമെയാണ് ചില സ്വകാര്യബാങ്കുകളുടെ ഏജന്റുമാര്‍ മുഖേന പലിശയ്‌ക്ക് പണം കൊടുക്കുന്നത്. വിവിധ ഗ്രൂപ്പുകളില്‍ അംഗങ്ങളായ പല സ്‌ത്രീകളും വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ നിന്നെല്ലാം പണം കടമെടുത്തിരുന്നു. ഇവയെല്ലാം മുടക്കം കൂടാതെ തിരിച്ചടയ്‌ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ കോവിഡും ലോക്‌ഡൗണും ഒരുപോലെ എത്തിയ സാഹചര്യത്തില്‍ ഗൃഹനാഥന്മാര്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ തിരിച്ചടവ് തവണകള്‍ മുടങ്ങി. തിരിച്ചടവിന് സാവകാശം ചോദിക്കുമ്പോള്‍ പണം തിരിച്ചടയ്‌ക്കാന്‍ നിര്‍ബന്ധം ചെലുത്തുകയും ഭീഷണി ഉയര്‍ത്തുകയുമാണ് ഈ സ്‌ഥാപനങ്ങളുടെ ഏജന്റ്‌മാരെന്ന് വീട്ടമ്മമാര്‍ ആരോപിക്കുന്നു.
കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് സാവകാശം നല്‍കണമെന്ന് വീട്ടമ്മമാര്‍ ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറല്ലെന്ന മട്ടിലാണ് ഏജന്റ്‌മാര്‍ പെരുമാറുന്നതെന്ന് സ്‌ത്രീകള്‍ പറയുന്നു. പലപ്പോഴും വീടുകളിലെത്തി പണം തിരിച്ചടയ്‌ക്കാന്‍ മാനസികമായി സമ്മര്‍ദ്ധത്തിലാക്കുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടി. കോവിഡിനെ തുടര്‍ന്ന് വായ്‌പാ തിരിച്ചടവിന് സഹകരണബാങ്കുകള്‍ നല്‍കുന്ന സാവകാശമെങ്കിലും അനുവദിച്ചു നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.