കാഞ്ഞിരപ്പള്ളി പട്ടണത്തിലെ നിരീക്ഷണ ക്യാമറകൾ കണ്ണടച്ചതോടെ പോലീസ് വലയുന്നു.
കാഞ്ഞിരപ്പള്ളി: പട്ടണത്തിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആറര ലക്ഷം രൂപ ചിലവിൽ സ്ഥാപിച്ച ക്യാമറകളിൽ ഭൂരിഭാഗവും കണ്ണടച്ചു. സി.സി.ടി.വി.കൾ ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസം നടന്ന ജൂവലറി മോഷണത്തിൽ പ്രതികളെ പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിക്കുവാൻ പോലീസിന് കഴിഞ്ഞിട്ടില്ല. കടകളിലെയും വീടുകളിലെയും സി.സി.ടി.വി. ദൃശ്യങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
മുൻവർഷങ്ങളിലും മോഷണസംഭവങ്ങൾ ഏറെയുണ്ടായിട്ടുണ്ട്. പലതിലും ഇതുവരെ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പേട്ടക്കവല, പഴയപള്ളി ഭാഗം എന്നിവിടങ്ങളിൽ മോഷണശ്രമങ്ങൾ നടന്നിരുന്നു. ബൈക്ക് മോഷണക്കേസിലടക്കം പോലീസ് ആശ്രയിച്ചിരുന്നത് ടൗണിൽ പ്രവർത്തിപ്പിച്ചിരുന്ന ക്യാമറകളെയാണ്. പട്ടണത്തിലെ സുരക്ഷാ സംവിധാനങ്ങളിലെ കുറവ് വ്യാപാരികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
പട്ടണത്തിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ക്യാമറകൾ കേടായി നശിക്കുന്നനിലയിലാണ്. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതിരുന്നതാണ് കാരണം. ക്യാമറകളുമായുള്ള കേബിൾ ബന്ധങ്ങളും പലയിടങ്ങളിലും തകരാറിലായി. കുരിശുങ്കൽ, പേട്ടക്കവല, ബസ്‌സ്റ്റാൻഡ് കവല, പുത്തനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലാണ് നിരീക്ഷണ ക്യാമറകൾ പ്രവർത്തിച്ചിരുന്നത്.
ട്രാഫിക് നിയമലംഘനങ്ങൾമുതൽ മാലിന്യംതള്ളൽവരെയുള്ള പ്രശ്നങ്ങളിൽ കുറ്റക്കാരെ തെളിവോടെ കണ്ടെത്താൻ പോലീസിന് ഏറെ സഹായകമായിരുന്നു നിരീക്ഷണക്യാമറകൾ. ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പോലീസ് സ്റ്റേഷനിൽ 24 മണിക്കൂറും നിരീക്ഷിക്കാനും സംവിധാനം ഒരുക്കിയിരുന്നു.