ഭിത്തി തുരന്ന് ജ്വല്ലറി മോഷണം; 18 വിരലടയാളങ്ങൾ, പിന്നിൽ പ്രഫഷനൽ സംഘം?
കാഞ്ഞിരപ്പള്ളി ∙ ഭിത്തി തുരന്ന് നടത്തിയ ജ്വല്ലറി മോഷണത്തിന് മോഷ്ടാക്കൾ എത്തിയതെന്നു കരുതുന്ന വാഹനത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. സ്ഥിരീകരണത്തിനായി സിസിടിവികൾ പരിശോധിച്ചു വരികയാണ്. 18 വിരലടയാളങ്ങൾ ലഭിച്ചു. പിന്നിൽ പ്രഫഷനൽ സംഘമാണെന്നു പൊലീസ് വിലയിരുത്തുന്നു. ഭിത്തി തുരന്ന രീതിയാണു സംശയത്തിന് ഇട നൽകുന്നത്. അന്വേഷണത്തിനു 2 സംഘങ്ങളെ നിയോഗിച്ചു.
ഷാഡോ പൊലീസും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.സി. രാജ്മോഹന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷിക്കുന്നത്. അയർകുന്നത്തെ തോക്കു ചൂണ്ടി മോഷണം അന്വേഷിച്ച സംഘത്തിലെ അംഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. സമാന കേസുകൾ പരിശോധിച്ച് ഇവയിൽ പ്രതികളായവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. സമീപ സ്ഥാപനങ്ങളിലെയും പ്രദേശത്തെയും 25 സിസിടിവി ക്യാമറകളിലെ 2 ദിവസത്തെ ദൃശ്യങ്ങളാണു പരിശോധിക്കുന്നത്.
ഇന്നലെ കോട്ടയത്തു പിടിയിലായ മോഷ്ടാവിനു ജ്വല്ലറി മോഷണവുമായി ബന്ധമുണ്ടോയെന്നും നോക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിയിലെ ലക്ഷ്മി ജ്വല്ലറിയിൽനിന്നു നാലു പവൻ സ്വർണവും രണ്ടു കിലോ വെള്ളിയുമാണു കവർന്നത്. ടൗണിലെ നിരീക്ഷണ ക്യാമറകൾ തകരാറിലായത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. പേട്ടക്കവലയിൽ പഞ്ചായത്തിന്റെ 3 ക്യാമറകളും പ്രവർത്തന രഹിതമായതിനാൽ വാഹനങ്ങളുടെ ദൃശ്യം പോലും പൊലീസിനു ലഭ്യമല്ല.