റബർ തോട്ടങ്ങളിൽ കമ്പിളിപ്പുഴു ഭീഷണി
മുണ്ടക്കയം ∙ റബർ തോട്ടങ്ങളിൽ കമ്പിളിപ്പുഴു ശല്യം വ്യാപകം. പുഞ്ചവയൽ പ്രദേശങ്ങളിലെ റബർ തോട്ടങ്ങളിലാണ് പുഴുശല്യം . സാധാരണ തോട്ടങ്ങളിൽ തോട്ടപ്പുഴു എന്നറിയപ്പെടുന്ന ചെറിയ പുഴുക്കൾ മാത്രമാണ് മഴക്കാലത്തു കാണുന്നത്. ശൈത്യകാലത്തു മറ്റു വിളകളിൽ കാണുന്നതാണ് കമ്പിളിപ്പുഴുക്കൾ. ഇവ റബർ മരങ്ങളിൽ കാണപ്പെടാറില്ല.പുലർച്ചെ ടാപ്പിങ്ങിനെത്തുന്നവർ ശ്രദ്ധിക്കാതെ പുഴുവിനെ തൊടുന്നതിനാൽ അസഹനീയമായ ചൊറിച്ചിലും ശാരീരിക അസ്വസ്ഥതയും ഉണ്ടാകുന്നു. കൂട്ടമായാണ് ഇവ കാണപ്പെടുന്നത്. എന്നാൽ ഇലകളെ ആക്രമിക്കുന്നില്ല. പുഴുക്കളുടെ എണ്ണം വർധിച്ചു വരുന്നതോടെ തോട്ടങ്ങളിൽ ഇറങ്ങാൻ പോലും കർഷകർ മടിക്കുകയാണ്.